ഇ.എൻ. സുരേഷ് ബാബുവിനെതിരെ കടുത്ത നടപടിക്ക് സമ്മർദം; പാർട്ടി അംഗത്വം റദ്ദാക്കിയേക്കും
പാലക്കാട്: സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയ ഇ.എൻ. സുരേഷ് ബാബുവിനെതിരെ കൂടുതൽ കടുത്ത നടപടി സ്വീകരിക്കണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമാകുന്നു. സുരേഷ് ബാബുവിന്റെ പാർട്ടി അംഗത്വം റദ്ദാക്കുന്നതടക്കമുള്ള നടപടികളിലേക്ക് സംസ്ഥാന നേതൃത്വം നീങ്ങിയേക്കുമെന്നാണ് സൂചന. സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിൽവച്ച് യുവതിയോട് മോശമായി പെരുമാറിയെന്ന പരാതി ഉയർന്നത് വിഷയത്തിന്റെ ഗൗരവം വർധിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ സുരേഷ് ബാബുവിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തി. യുവതിയോട് മോശമായി പെരുമാറിയെന്ന പരാതി പൊലീസ് കൈമാറാൻ സിപിഐഎമ്മിനെ കോൺഗ്രസ് വെല്ലുവിളിച്ചു.
പാർട്ടി ഓഫീസുകൾ സ്ത്രീകളോട് അപമര്യാദയായി പെരുമാറാനുള്ള ഇടങ്ങളായി നേതാക്കൾ ഉപയോഗിക്കുന്നുവെന്ന ആരോപണമാണ് ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ ഉന്നയിച്ചത്. പാർട്ടിക്ക് ലഭിച്ച പരാതി പൂഴ്ത്തിവയ്ക്കാതെ നിയമനടപടിക്ക് കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, സുരേഷ് ബാബുവിനെതിരെ നേരത്തെയും വിവിധ ആരോപണങ്ങൾ ഉയർന്നിരുന്നുവെങ്കിലും നേതൃത്വം അദ്ദേഹത്തിന് പിന്തുണ നൽകിയിരുന്നു. സിപിഐഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട പി.കെ. ശശി ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചപ്പോഴും കൊഴിഞ്ഞാമ്പാറയിൽ പാർട്ടി രണ്ടായി പിളർന്ന സാഹചര്യത്തിലും സുരേഷ് ബാബുവിനെ നേതൃത്വം ചേർത്തുപിടിച്ചിരുന്നുവെന്നാണ് വിമർശനം.
വനിതാ അഭിഭാഷകയോട് മോശമായി പെരുമാറിയെന്ന പരാതിയാണ് ഇപ്പോഴത്തെ നടപടിക്ക് പ്രധാന കാരണമെന്നാണ് സൂചന. ജോലി വാഗ്ദാനം ചെയ്ത് മറ്റൊരു യുവതിയോടും സുരേഷ് ബാബു മോശമായി പെരുമാറിയെന്ന പരാതിയും ഉയർന്നിട്ടുണ്ട്. പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിന്റെ നവീകരണവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളും സുരേഷ് ബാബുവിനെതിരെ ഉയർന്നിട്ടുണ്ട്. എന്നാൽ ഈ ആരോപണങ്ങളിൽ ഏതെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിക്കാൻ സിപിഐഎം നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. സുരേഷ് ബാബുവിനെതിരെ കൂടുതൽ കർശനമായ നടപടി വേണമെന്ന ആവശ്യം പാർട്ടിയിലെ ഒരു വിഭാഗം ശക്തമായി ഉന്നയിക്കുന്നുണ്ട്. നടപടി കൂടുതൽ കടുപ്പിക്കുകയാണെങ്കിൽ അതിനുള്ള കാരണങ്ങൾ പൊതുസമൂഹത്തോട് വിശദീകരിക്കേണ്ട സാഹചര്യം പാർട്ടി നേതൃത്വത്തിനുണ്ടാകുമെന്നാണ് വിലയിരുത്തൽ.
