‘തെലങ്കാന സർക്കാരിന്റെ ഭൂമിയല്ല, കിറ്റക്സിന്റെ സ്വന്തം ഭൂമിയാണ് ഈടായി നൽകിയത്’; വായ്പാ ആരോപണം തള്ളി സാബു എം. ജേക്കബ്
കൊച്ചി: കിറ്റക്സ് വായ്പയുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ടിവി വ്യാജവാർത്ത പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് കിറ്റക്സ് എം.ഡി സാബു എം. ജേക്കബ്. തെലങ്കാന സർക്കാരിന്റെ ഭൂമി പണയം വെച്ചിട്ടില്ലെന്നും കിറ്റക്സിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാണ് ബാങ്കിൽ ഈടായി നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. ₹2,000 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് സാബു എം. ജേക്കബ് പറഞ്ഞു. തെലങ്കാന സർക്കാർ 90 വർഷത്തേക്ക് നൽകിയ ഭൂമിക്ക് ₹3,000 കോടി മൂല്യം കണക്കാക്കി വായ്പ നേടിയെന്ന തരത്തിലാണ് തനിക്കെതിരെ വാർത്തകൾ വന്നതെന്നും അദ്ദേഹം ആരോപിച്ചു. തെലങ്കാന സർക്കാരിൽ നിന്ന് 187.2 ഏക്കർ ഭൂമി ലഭിച്ചതിന് മുഴുവൻ തുകയായ ₹38 കോടി അടച്ചതായും ഭൂമി കിറ്റക്സിന്റെ പേരിൽ രജിസ്റ്റർ ചെയ്തതായും സാബു എം. ജേക്കബ് പറഞ്ഞു. സ്വന്തം ഉടമസ്ഥതയിലുള്ള ഭൂമി ബാങ്കിന് ഈടായി നൽകുന്നതിൽ നിയമവിരുദ്ധതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എസ്ബിഐയിൽ നിന്ന് ₹900 കോടി വായ്പയെടുത്തെന്ന ആരോപണവും സാബു എം. ജേക്കബ് നിഷേധിച്ചു. ഒരു രൂപ പോലും എസ്ബിഐയിൽ നിന്ന് വായ്പയായി കൈപ്പറ്റിയിട്ടില്ലെന്നും ബാങ്ക് തന്നെ ഇക്കാര്യം നിഷേധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാനയിലെ കിറ്റക്സ് കമ്പനിക്ക് നാല് വർഷമായി ലാഭമുണ്ടായിട്ടില്ലെന്ന വിമർശനത്തെയും അദ്ദേഹം തള്ളി. കഴിഞ്ഞ വർഷമാണ് കമ്പനിയിൽ ഉത്പാദനം ആരംഭിച്ചതെന്നും അതിനാൽ അതിന് മുമ്പുള്ള കാലയളവിൽ എങ്ങനെ ലാഭം കാണിക്കാനാകുമെന്നും സാബു എം. ജേക്കബ് ചോദിച്ചു. തനിക്കെതിരായ ആരോപണങ്ങളിൽ ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. എസ്ഐടിയോ സിബിഐയോ അന്വേഷിച്ചാലും സ്വാഗതം ചെയ്യുമെന്നും സാബു എം. ജേക്കബ് വ്യക്തമാക്കി. ആരോപണങ്ങൾ തെളിയിക്കാനായില്ലെങ്കിൽ വാർത്ത നൽകിയവർ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിഎസ്ഇയുടെയും സെബിയുടെയും അനുമതികളോടെയാണ് കിറ്റക്സ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ടർ ടിവിക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്നും സാബു എം. ജേക്കബ് വ്യക്തമാക്കി. റിപ്പോർട്ടർ ടിവി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിനെതിരായ നിർണായക തെളിവുകൾ തിങ്കളാഴ്ച പുറത്തുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
