ഹോർമുസിൽ ചരക്കുകപ്പലിന് നേരെ ആക്രമണം; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു, 20 ഇന്ത്യക്കാർ കപ്പലിലുണ്ടായിരുന്നു
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതായി മസ്കറ്റിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. ഉത്തർപ്രദേശ് സ്വദേശിയായ സൂരജ് യാദവാണ് ആക്രമണത്തിൽ മരിച്ചത്. അപകടസമയത്ത് കപ്പലിൽ 20 ഇന്ത്യക്കാരുൾപ്പെടെ 28 ജീവനക്കാരുണ്ടായിരുന്നതായാണ് വിവരം. ആക്രമണത്തെ തുടർന്ന് കപ്പലിൽ തീപിടിത്തമുണ്ടാവുകയും ജീവനക്കാരെ അടിയന്തരമായി ഒഴിപ്പിക്കുകയും ചെയ്തു. കപ്പലിലുണ്ടായിരുന്ന മറ്റ് ജീവനക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചതായും ഇന്ത്യൻ എംബസി അറിയിച്ചു. സൂരജ് യാദവിന്റെ മരണത്തിൽ എംബസി അനുശോചനം രേഖപ്പെടുത്തി.
കരീബിയൻ രാജ്യമായ ആന്റിഗ്വ ആൻഡ് ബാർബുഡയുടെ പതാകയിൽ സഞ്ചരിച്ചിരുന്ന ‘കേപ് ദാവോ’ എന്ന ബൾക്ക് കാരിയറാണ് ആക്രമണത്തിനിരയായതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ ഇറാന്റെ പേർഷ്യൻ ഗൾഫ് സ്ട്രെയ്റ്റ് അതോറിറ്റി പ്രസിദ്ധീകരിച്ച കപ്പൽ പട്ടികയിൽ ഈ കപ്പൽ ഉൾപ്പെട്ടിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഏറെ നിർണായകമായ മേഖലയാണ് ഹോർമുസ് കടലിടുക്ക്. പേർഷ്യൻ ഗൾഫിനെയും ഒമാൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന ഈ ജലപാതയിലൂടെയാണ് ആഗോള എണ്ണവ്യാപാരത്തിന്റെ വലിയൊരു ഭാഗം കടന്നുപോകുന്നത്. അതിനാൽ മേഖലയിലെ ഓരോ ആക്രമണവും ചരക്കുഗതാഗതത്തിനും കപ്പൽ ജീവനക്കാരുടെ സുരക്ഷയ്ക്കും ആശങ്ക വർധിപ്പിക്കുന്നതാണ്.
ആക്രമണത്തിന് പിന്നിൽ ആരാണെന്നതടക്കമുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്. ആക്രമണത്തിനിരയായ കപ്പലിന്റെ സുരക്ഷാ നിലയും ജീവനക്കാരുടെ നിലവിലെ സ്ഥിതിയും സംബന്ധിച്ച വിവരങ്ങളും അധികൃതർ ശേഖരിച്ചുവരികയാണ്.
