വീട്ടിൽ അധിക അളവിൽ മദ്യം സൂക്ഷിച്ച കേസ്; ജാമ്യം നിഷേധിച്ചതിനെതിരെ ആന്റോ അഗസ്റ്റിൻ ഹൈക്കോടതിയിൽ
കൽപ്പറ്റ: വീട്ടിൽ അനുവദനീയമായതിലും അധികം മദ്യം സൂക്ഷിച്ചെന്ന കേസിൽ ജാമ്യം തേടി ആന്റോ അഗസ്റ്റിൻ ഹൈക്കോടതിയെ സമീപിച്ചു. ബത്തേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. തുടർനടപടികൾ തടയണമെന്നും അന്വേഷണത്തിനായി കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും ഹർജിയിൽ ആന്റോ ചൂണ്ടിക്കാട്ടുന്നു. അറസ്റ്റ് നടപടികളിൽ നിയമപരമായ വീഴ്ചകളുണ്ടായെന്നും വിൽപ്പനയ്ക്കായി മദ്യം സൂക്ഷിച്ചിട്ടില്ലെന്നും ഹർജിയിൽ പറയുന്നു. ഹർജി ഇന്ന് തന്നെ ഹൈക്കോടതി പരിഗണിച്ചേക്കും.
അതേസമയം, ആന്റോ അഗസ്റ്റിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് എക്സൈസ്. ഇതിന്റെ ഭാഗമായി ഇന്ന് ബത്തേരി കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. നിലവിൽ മാനന്തവാടി ജില്ലാ ജയിലിലാണ് ആന്റോ. 14 ദിവസത്തേക്കാണ് കോടതി റിമാൻഡ് ചെയ്തിരിക്കുന്നത്. വീട്ടിൽ അനുവദനീയമായ പരിധിയിൽ കൂടുതൽ മദ്യം സൂക്ഷിച്ചെന്ന കുറ്റം ചുമത്തി കേരള അബ്കാരി നിയമപ്രകാരമാണ് എക്സൈസ് ആന്റോയെ അറസ്റ്റ് ചെയ്തത്. മെസ്സിയുടെ പേരിൽ നടത്തിയ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തിന്റെ റെയ്ഡിനിടെയാണ് വയനാട്ടിലെ വാഴവറ്റയിലെ കുടുംബവീട്ടിൽനിന്ന് മദ്യശേഖരം കണ്ടെത്തിയത്.
നിയമപ്രകാരം ഒരാൾക്ക് വീട്ടിൽ സൂക്ഷിക്കാവുന്ന മദ്യത്തിന്റെ പരിധി മൂന്ന് ലിറ്ററാണ്. എന്നാൽ ആന്റോയുടെ വീട്ടിൽനിന്ന് 67 ലിറ്റർ മദ്യമാണ് പിടിച്ചെടുത്തത്. ഇതിൽ 43 ലിറ്റർ വിദേശമദ്യവും 22 ലിറ്റർ വൈനും ഉൾപ്പെടുന്നു. പിടിച്ചെടുത്ത മദ്യത്തിൽ 12.75 ലിറ്റർ വ്യാജമദ്യമാണെന്നും എക്സൈസ് ആരോപിക്കുന്നു. മദ്യം വിൽപ്പനയ്ക്കായി സൂക്ഷിച്ചതാണെന്ന് തെളിഞ്ഞാൽ കുറ്റത്തിന്റെ ഗൗരവം വർധിക്കും. അതേസമയം, സ്വന്തം ആവശ്യത്തിനായാണ് മദ്യം സൂക്ഷിച്ചതെങ്കിൽ വീട്ടിൽ സ്ഥിരതാമസക്കാരായ 12 മുതിർന്ന വ്യക്തികളെങ്കിലും ഉണ്ടെന്ന് തെളിയിക്കേണ്ട സാഹചര്യമുണ്ട്. എന്നാൽ ഇക്കാര്യം തെളിയിക്കാൻ ആന്റോയ്ക്ക് കഴിഞ്ഞില്ലെന്നാണ് എക്സൈസ് നിലപാട്.
കേരള അബ്കാരി നിയമത്തിലെ 55(a), 55(i), 58 വകുപ്പുകൾ പ്രകാരമാണ് എക്സൈസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മദ്യം എത്തിച്ചതുമായി ബന്ധപ്പെട്ട നികുതിവെട്ടിപ്പും അന്വേഷണത്തിന്റെ പരിധിയിലുണ്ട്.
