KeralaTrending News

ആന്റോ അഗസ്റ്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി സാബു എം. ജേക്കബ്; 800 പേജുള്ള തെളിവുകളുണ്ടെന്ന് അവകാശവാദം

കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന കേസിൽ പ്രതിയായ റിപ്പോർട്ടർ ടി വി ഉടമ ആന്റോ അഗസ്റ്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി ട്വന്റി 20 പാർട്ടി പ്രസിഡന്റ് സാബു എം. ജേക്കബ്. ആന്റോ അഗസ്റ്റിനെതിരെ 800 പേജുള്ള തെളിവുകൾ തന്റെ പക്കലുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. റിപ്പോർട്ടർ ചാനൽ അടച്ചുപൂട്ടാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും സാബു എം. ജേക്കബ് ആവശ്യപ്പെട്ടു.

ചാനലിന് ഇതുവരെ ബ്രോഡ്കാസ്റ്റിംഗ് ലൈസൻസോ ദേശീയ സുരക്ഷാ ക്ലിയറൻസോ ലഭിച്ചിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. മറ്റുള്ളവരുടെ ദുരിതങ്ങളിൽ നിന്ന് കോടികൾ സമ്പാദിച്ചവരാണ് ചാനൽ അധികൃതരെന്നും സാബു ജേക്കബ് ആരോപിച്ചു. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് കിറ്റെക്സ് ഫാക്ടറിയിൽ 12 തവണ റെയ്ഡ് നടത്തിയപ്പോൾ അതിനെ ന്യായീകരിച്ച് സംസാരിച്ച മാധ്യമമാണ് റിപ്പോർട്ടർ ടി വിയെന്നും അദ്ദേഹം പറഞ്ഞു.

മെസിയുടെ പേരിൽ കലൂർ സ്റ്റേഡിയം സ്വന്തമാക്കാൻ ശ്രമിച്ചെന്ന് ആരോപണം

മെസി തട്ടിപ്പ് കേസിലെ അന്വേഷണത്തിൽ മാത്രം കാര്യങ്ങൾ ഒതുക്കാതെ ആന്റോ അഗസ്റ്റിന്റെ കഴിഞ്ഞ അഞ്ച് വർഷത്തെ സാമ്പത്തിക ഇടപാടുകൾ വിശദമായി പരിശോധിക്കണമെന്നും സാബു എം. ജേക്കബ് ആവശ്യപ്പെട്ടു. അങ്ങനെ ചെയ്താൽ കൂടുതൽ തട്ടിപ്പുകൾ പുറത്തുവരുമെന്നാണ് അദ്ദേഹത്തിന്റെ വാദം. സംസ്ഥാന-കേന്ദ്ര സർക്കാരുകളിലെ ഉദ്യോഗസ്ഥരെ പണവും മദ്യവും നൽകി അഗസ്റ്റിൻ സഹോദരന്മാർ സ്വാധീനിച്ചിരുന്നുവെന്നും സാബു ആരോപിച്ചു. മരംമുറി കേസിൽ പ്രതിയായ ആന്റോ അഗസ്റ്റിനെ വിശുദ്ധനായി ചിത്രീകരിക്കുന്ന തരത്തിലുള്ള ന്യായീകരണങ്ങൾ ഉയരുന്നത് പിണറായി വിജയൻ ഉൾപ്പെടെയുള്ള മുതിർന്ന സി.പി.എം നേതാക്കൾക്കും ഇതുമായി ബന്ധപ്പെട്ട കൂട്ടുകച്ചവടത്തിൽ പങ്കുണ്ടോ എന്ന സംശയത്തിന് ഇടയാക്കുന്നതായും അദ്ദേഹം പറഞ്ഞു.

മെസിയുടെ പേരുപയോഗിച്ച് കലൂർ സ്റ്റേഡിയം സ്വന്തമാക്കാനുള്ള നീക്കമാണ് നടന്നതെന്നും വ്യവസായി സി.ജെ. റോയിയെപ്പോലുള്ളവരെ ഇ.ഡിയെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നും സാബു എം. ജേക്കബ് ആരോപിച്ചു. തങ്ങൾ എൻ.ഡി.എയിലെ ഒരു സഖ്യകക്ഷി മാത്രമായതിനാൽ റിപ്പോർട്ടർ ചാനൽ അടച്ചുപൂട്ടുന്നതിന് കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തുന്നതിന് പരിമിതികളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ ഏതൊരു പൗരനും ലഭിക്കുന്ന അവകാശങ്ങൾ മാത്രമാണ് മാധ്യമ സ്ഥാപനങ്ങൾക്കും ഉള്ളതെന്നും സാബു എം. ജേക്കബ് കൂട്ടിച്ചേർത്തു.