KeralaTrending News

മെസിയെ എത്തിക്കാമെന്ന് പറഞ്ഞുള്ള തട്ടിപ്പ്; പ്രതികൾക്കെതിരെ ഗൂഢാലോചന, വഞ്ചനാ കുറ്റങ്ങൾ

കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയെന്നാരോപിക്കുന്ന തട്ടിപ്പിൽ പ്രതികൾക്കെതിരെ ഗൂഢാലോചന, വഞ്ചനാ കുറ്റങ്ങൾ ചുമത്തി കേസ്. പ്രതികൾ നിയമവിരുദ്ധവും വ്യാജവുമായ കരാർ തയ്യാറാക്കിയെന്നാണ് എഫ്ഐആറിലെ ആരോപണം. കേസുമായി ബന്ധപ്പെട്ട എഫ്ഐആറിലെ വിവരങ്ങൾ ട്വന്റിഫോറിന് ലഭിച്ചു. ഭാരതീയ ന്യായ സംഹിതയിലെ 318, 61 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കലൂർ സ്റ്റേഡിയം റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷന് കൈമാറിയ നടപടികളിലും ഡെപ്പോസിറ്റ് ഒഴിവാക്കിയതിലും അന്വേഷണം നടക്കുന്നുണ്ട്.

സ്റ്റേഡിയം കൈമാറുന്നതിനായി അഞ്ച് കോടി രൂപ ഡെപ്പോസിറ്റായി നൽകേണ്ടിയിരുന്നെങ്കിലും ഈ തുക നൽകിയില്ലെന്നാണ് എഫ്ഐആറിൽ പറയുന്നത്. അന്യായമായ സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടാണ് പ്രതികൾ പ്രവർത്തിച്ചതെന്നും സർക്കാർ ഉൾപ്പെടെയുള്ളവരെയും പൊതുജനങ്ങളെയും വഞ്ചിച്ചെന്നും അന്വേഷണ രേഖയിൽ ആരോപിക്കുന്നു. നിയമവിരുദ്ധവും വ്യാജവുമായ കരാർ ഉണ്ടാക്കിയെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നു. അതേസമയം കേസുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളിൽ അന്വേഷണ സംഘത്തിന്റെ പരിശോധന തുടരുകയാണ്. പരിശോധനയുമായി റിപ്പോർട്ടർ ചാനൽ സഹകരിക്കുന്നില്ലെന്ന് തൃക്കാക്കര എസിപി ബിജോയ് ചന്ദ്രൻ പ്രതികരിച്ചു.

റിപ്പോർട്ടർ ചാനൽ ഓഫീസിലെ പൊലീസ് പരിശോധന അന്വേഷണത്തിന്റെ സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമാണെന്ന് കായികവകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് പറഞ്ഞു. സർക്കാർതലത്തിൽ ആവശ്യമായ നിർദേശം നൽകിയിരുന്നുവെന്നും നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.