World

സൗദി എണ്ണ പൈപ്പ്‌ലൈനിന് നേരെ ഡ്രോൺ ആക്രമണം; ഇറാഖിന് മുന്നറിയിപ്പുമായി റിയാദ്

റിയാദ്: ഇറാഖി മണ്ണിൽ നിന്നുണ്ടായ ഡ്രോൺ ആക്രമണത്തിൽ സൗദി അറേബ്യയിലെ നിർണായക ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ്‌ലൈൻ തകർന്ന സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി സൗദി വിദേശകാര്യ മന്ത്രാലയം. റിയാദ്, മദീന മേഖലകളിലൂടെ കടന്നുപോകുന്ന പൈപ്പ്‌ലൈനാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ ചിലർക്ക് പരിക്കേറ്റതായും ഭൗതിക നാശനഷ്ടങ്ങൾ ഉണ്ടായതായും മന്ത്രാലയം അറിയിച്ചു. ആക്രമണത്തെ തുടർന്ന് തകരാറിലായ പൈപ്പ്‌ലൈൻ പുനഃസ്ഥാപിക്കുന്നതിനുള്ള അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണ്. അതേസമയം, സൗദിക്കും മറ്റ് അയൽരാജ്യങ്ങൾക്കുമെതിരെ ഇറാഖി പ്രദേശം ഉപയോഗിച്ചുള്ള ആക്രമണങ്ങൾ തടയുന്നതിനായി നടപടിയെടുക്കാൻ ഇറാഖ് ഭരണകൂടത്തിന് സമയം നൽകണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.

ഇറാഖ് സർക്കാരിന്റെ നടപടികൾക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമായി നിലവിൽ നേരിട്ടുള്ള തിരിച്ചടിയിൽ നിന്ന് വിട്ടുനിൽക്കാനാണ് സൗദി തീരുമാനിച്ചിരിക്കുന്നത്. എന്നാൽ രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനൊപ്പം തന്ത്രപ്രധാന സ്ഥാപനങ്ങളുടെയും പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ ഏത് നടപടിയും സ്വീകരിക്കാനുള്ള അവകാശം സൗദിക്കുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇറാഖി സർക്കാർ സ്വന്തം പ്രദേശത്ത് പ്രവർത്തിക്കുന്ന അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് സൗദിയുടെ പ്രതീക്ഷ. ആക്രമണങ്ങൾക്ക് ഇറാഖി മണ്ണ് ഉപയോഗിക്കുന്നത് അവസാനിപ്പിക്കുന്നതിനുള്ള നടപടികൾ ബാഗ്ദാദ് സ്വീകരിക്കണമെന്നും സൗദി വ്യക്തമാക്കി.