റെയ്ഡ് സമയത്തെ മൊഴി പിന്‍വലിക്കാനാകില്ലെന്ന് ഇഡി; ഹസന് വാരിസിന്റെ സത്യവാങ്മൂലത്തില്‍ മറുപടി
കോഴിക്കോട്: റെയ്ഡിനിടെ രേഖപ്പെടുത്തിയ മൊഴി പിന്‍വലിക്കാനാകില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). മൊഴിയില്‍ നിന്ന് പിന്മാറാന് കഴിയുക വിചാരണ ഘട്ടത്തില്‍ മാത്രമാണെന്നും ഇഡി വ്യക്തമാക്കി. സിഎംആര്‍എല്‍–എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്ത് ഹസന് വാരിസ് മൊഴി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ സത്യവാങ്മൂലത്തിനുള്ള മറുപടിയിലാണ് ഇഡിയുടെ നിലപാട്. ഹസന് വാരിസിന്റെ മൊഴി പിന്‍വലിക്കണമെന്ന ആവശ്യം അംഗീകരിക്കില്ലെന്ന് ഇഡി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇഡിക്ക് സമര്പ്പിക്കേണ്ടതായിരുന്നില്ല സത്യവാങ്മൂലമെന്നും, മൊഴിയില്‍ നിന്ന് പിന്മാറണമെങ്കില് വിചാരണ സമയത്ത് കോടതിയിലാണ് ഇത് സമര്‍പ്പിക്കേണ്ടതെന്നും അന്വേഷണ ഏജന്‍സി ചൂണ്ടിക്കാട്ടി.
കള്ളപ്പണ നിരോധന നിയമത്തിലെ സെക്ഷന്‍ 50 പ്രകാരം ഇഡിക്ക് മുമ്പാകെ നല്കുന്ന മൊഴിക്ക് നിയമപരമായ സാധുതയുണ്ടെന്നും അന്വേഷണ ഏജന്‍സി വ്യക്തമാക്കി. ഹസന് വാരിസിനെ ചോദ്യം ചെയ്തതടക്കമുള്ള നടപടികള്‍ കൃത്യമായ നിയമനടപടിക്രമങ്ങള്‍ പാലിച്ചാണ് നടത്തിയതെന്നും ഇഡി അറിയിച്ചു. അതേസമയം, ഇഡി ഉദ്യോഗസ്ഥരുടെ ഭീഷണിയെ തുടര്‍ന്നാണ് മുഹമ്മദ് റിയാസിനെതിരെ മൊഴി നല്‍കിയതെന്നാണ് ഹസന് വാരിസ് സത്യവാങ്മൂലത്തില്‍ ആരോപിച്ചിരിക്കുന്നത്. മകളെ കേസില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് മൊഴി നല്‍കേണ്ടി വന്നതെന്നും വാരിസ് പറയുന്നു.
കഴിഞ്ഞ മാസം 18നാണ് കോഴിക്കോട് ഹസന് വാരിസിന്റെ വീട്ടില്‍ ഇഡി പരിശോധന നടത്തിയത്. റിയാസിന്റെ കള്ളപ്പണം ദുബായിലുള്ള ഫൈജാസിലേക്ക് എത്തിക്കുന്നതില്‍ വാരിസ് ഇടനിലക്കാരനായെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. വാരിസ് ഒപ്പിട്ട് നല്കിയ മൊഴിയിലും ഇക്കാര്യം രേഖപ്പെടുത്തിയിരുന്നതായാണ് അന്വേഷണ ഏജന്‍സിയുടെ വാദം. റിയാസിനെതിരായ നിര്‍ണായക തെളിവായാണ് ഇഡി ഈ മൊഴിയെ പരിഗണിച്ചത്. എന്നാല്‍ ഈ മാസം 20ന് മൊഴി പിന്‍വലിച്ചുകൊണ്ട് ഹസന് വാരിസ് ഇഡിക്ക് സത്യവാങ്മൂലം നല്കി. ഇതിന് മറുപടിയായാണ് മൊഴി പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട നിയമനിലപാട് ഇഡി വ്യക്തമാക്കിയിരിക്കുന്നത്.
