World

മോദി–പുടിൻ കൂടിക്കാഴ്ച ഇന്ന്; വ്യാപാരവും സാമ്പത്തിക സഹകരണവും പ്രധാന അജണ്ട, ബ്രിക്‌സ് ഉച്ചകോടിക്കൊരുങ്ങി ഡല്‍ഹി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനും തമ്മിലുള്ള ഉഭയകക്ഷി ചർച്ച ഇന്ന് നടക്കും. വ്യാപാരം, സാമ്പത്തിക സഹകരണം എന്നിവയ്ക്കാണ് കൂടിക്കാഴ്ചയിൽ പ്രധാന പരിഗണന. ആണവനിലയങ്ങളുമായി ബന്ധപ്പെട്ട സഹകരണം, പ്രതിരോധ മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങളും ചർച്ചയാകും. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൂടിക്കാഴ്ച നടത്തും. പതിനെട്ടാമത് ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് വിവിധ രാജ്യങ്ങളിലെ നേതാക്കൾ ഇന്ത്യയിലെത്തിയിരിക്കുന്നത്.

2023ലെ ജി20 ഉച്ചകോടിക്ക് ശേഷം മറ്റൊരു പ്രധാന അന്താരാഷ്ട്ര ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് ദേശീയ തലസ്ഥാനം. ഡൽഹിയിലെ ഭാരത് മണ്ഡപത്തിലാണ് ബ്രിക്‌സ് ഉച്ചകോടി നാളെയും മറ്റന്നാളുമായി നടക്കുന്നത്. ‘പ്രതിരോധം, നൂതനാശയം, സഹകരണം, സുസ്ഥിരത എന്നിവയ്ക്കായി ഒരുമിക്കാം’ എന്നതാണ് ഈ വർഷത്തെ ബ്രിക്‌സ് ഉച്ചകോടിയുടെ ഔദ്യോഗിക പ്രമേയം. അംഗരാജ്യങ്ങളുടെ പ്രധാന സെഷൻ നാളെ ഉച്ചയ്ക്ക് രണ്ടിന് നടക്കും. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിക്‌സ് നേതാക്കൾക്കായി അത്താഴവിരുന്ന് ഒരുക്കും. ഞായറാഴ്ച അംഗരാജ്യങ്ങളുടെയും പങ്കാളി രാജ്യങ്ങളുടെയും സംയുക്ത സെഷൻ നടക്കും. ഉച്ചയോടെ ഉച്ചകോടിക്ക് സമാപനമാകും. ലോകനേതാക്കളെ സ്വീകരിക്കാൻ ഡൽഹി ഒരുങ്ങിക്കഴിഞ്ഞു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അതിഥികളെ സ്വാഗതം ചെയ്യുന്ന ഫ്‌ളക്‌സ് ബോർഡുകളും ബ്രിക്‌സ് അംഗരാജ്യങ്ങളുടെ ദേശീയ പതാകകളും സ്ഥാപിച്ചിട്ടുണ്ട്.