KeralaTrending News

റിപ്പോർട്ടർ ടിവിക്കെതിരെ കേന്ദ്ര ഏജൻസികൾക്ക് പരാതി നൽകി ഷോൺ ജോർജ്; വ്യാപക ക്രമക്കേടുകൾ ആരോപിച്ച് അന്വേഷണം ആവശ്യപ്പെട്ടു

കൊച്ചി: റിപ്പോർട്ടർ ടിവിക്കെതിരെ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് പരാതി നൽകി ബിജെപി നേതാവ് ഷോൺ ജോർജ്. 2023 മുതൽ സ്ഥാപനത്തിന്റെ ഓഡിറ്റ് നടത്തിയിട്ടില്ലെന്നും കമ്പനിയുടെ പ്രവർത്തനങ്ങളിൽ വ്യാപക ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും ആരോപിച്ചാണ് പരാതി. കമ്പനി നിയമങ്ങളുടെ ലംഘനം, വിദേശ ധനവിനിമയ ഇടപാടുകളിലെ ക്രമക്കേട്, ജിഎസ്ടി തട്ടിപ്പ്, ട്രേഡ് മാർക്ക് കൈമാറ്റത്തിലെ ക്രമക്കേട് തുടങ്ങിയ ആരോപണങ്ങളാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, എസ്എഫ്ഐഒ, ഇൻകം ടാക്സ് ഉൾപ്പെടെ ഏഴ് കേന്ദ്ര ഏജൻസികൾക്കാണ് പരാതി നൽകിയിരിക്കുന്നത്.

റിപ്പോർട്ടർ ടിവിക്കെതിരായ അന്വേഷണം എസ്എഫ്ഐഒ ഏറ്റെടുക്കണമെന്നും ഇൻകം ടാക്സ് ഉൾപ്പെടെയുള്ള ഏജൻസികൾ നടപടി സ്വീകരിക്കണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) അന്വേഷണം നടത്തുന്നതുകൊണ്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കമ്പനി രൂപീകരിച്ചതിൽ തന്നെ ക്രമക്കേട് നടന്നിട്ടുണ്ടെന്നും ഷോൺ ജോർജ് ആരോപിച്ചു. ഇന്തോ ഏഷ്യൻ ന്യൂസ് ചാനൽ നേരത്തെ നികേഷ് കുമാറിന്റെ പേരിലായിരുന്നുവെന്നും പിന്നീട് കൈമാറ്റം ചെയ്തതായി പറയുന്നുണ്ടെങ്കിലും രേഖകളിൽ ഷെയറുകൾ കൈമാറിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. നിലവിലെ റിപ്പോർട്ടർ ചാനലിന്റെ ക്യാപ്പിറ്റൽ 10 ലക്ഷം രൂപ മാത്രമാണെന്നും ഓഡിറ്റ് റിപ്പോർട്ട് ഇതുവരെ ഫയൽ ചെയ്തിട്ടില്ലെന്നും ഷോൺ ജോർജ് പറഞ്ഞു.

കമ്പനിക്ക് വിദേശത്തേക്ക് പണം കൈമാറാൻ സാധിച്ചത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു. ഇതുമായി ബന്ധപ്പെട്ട് അന്നത്തെ സംസ്ഥാന സർക്കാർ റിസർവ് ബാങ്കിന് കത്തയച്ചിരുന്നുവെന്നും കമ്പനിയുടെ ക്രെഡിറ്റ് പരിശോധിക്കാൻ സർക്കാർ തയ്യാറായില്ലെന്നും ഷോൺ ജോർജ് ആരോപിച്ചു. അന്നത്തെ സർക്കാരിനും ബന്ധപ്പെട്ട മന്ത്രിക്കുമെതിരെ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആന്റോ അഗസ്റ്റിൻ റിപ്പോർട്ടർ ചാനലിന്റെ എംഡിയാണെന്നാണ് പറയുന്നതെങ്കിലും കമ്പനി രേഖകളിൽ അതല്ല സ്ഥിതിയെന്നും ഷോൺ ജോർജ് ആരോപിച്ചു. സ്ഥാപനത്തിന്റെ വെബ്സൈറ്റ് നിലവിൽ ലഭ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.