കാനഡയ്ക്കെതിരായ യുഎസ് തീരുവ പ്രാബല്യത്തിൽ; തിരിച്ചടിക്ക് ഒരുങ്ങി കനേഡിയൻ സർക്കാർ, ‘ഡോളറിന് ഡോളർ’ മറുപടി
ഒട്ടാവ: കാനഡയ്ക്കുമേലുള്ള അമേരിക്കയുടെ 50 ശതമാനം ഇറക്കുമതി തീരുവ നിലവില്‍ വന്നു. അമേരിക്കയുമായുള്ള വ്യാപാരചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഡോണ്‍ള്‍ഡ് ട്രംപിന്റെ പിഴത്തീരുവ നിലവില്‍ വന്നത്. കാനഡയുടെ 20 ബില്യണ്‍ ഡോളറിന്റെ ഉല്പന്നങ്ങളെ അമേരിക്കന്‍ തീരുവ ദോഷകരമായി ബാധിക്കും. അമേരിക്കന്‍ ഉല്പന്നങ്ങള്ക്കുമേലുള്ള കാനഡയുടെ പകരംതീരുവ സെപ്തംബര്‍ എട്ടിന് നിലവില്‍ വരുമെന്ന് കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി പറഞ്ഞു. യുഎസ് ഏര്‍പ്പെടുത്തിയ തീരുവയ്ക്ക് അതേ നാണയത്തില്‍ മറുപടി പറയും. ഒരു വര്‍ഷത്തിലേറെയായി പുതിയൊരു വ്യാപാര കരാറിനായി കാനഡ ആത്മാര്‍ത്ഥമായി അമേരിക്കയുമായി ചര്‍ച്ചകള്‍ നടത്തുകയായിരുന്നു.
സാമ്പത്തികമായി ലാഭകരമല്ലാത്തതും നീതിരഹിതവും കാനഡയ്ക്ക് ലഭിക്കേണ്ട മൊത്തം നേട്ടങ്ങളെ ദുര്‍ബലപ്പെടുത്തുന്നതുമായ പുതിയ വ്യവസ്ഥകള്‍ അമേരിക്ക സമീപകാലത്ത് മുന്നോട്ടുവെച്ചു. ഇത് ഏതൊരു കരാറിന്റെയും വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുന്നതാണ് – അദ്ദേഹം പറഞ്ഞു. കാനഡയുടെ പരമാധികാരം ലംഘിച്ചുകൊണ്ട്, മറ്റ് രാജ്യങ്ങളുമായി വ്യാപാര കരാറുകള്‍ ഉണ്ടാക്കാനുള്ള തങ്ങളുടെ കഴിവിനെ പരിമിതപ്പെടുത്താന്‍ അമേരിക്ക ശ്രമിച്ചുവെന്നും അദ്ദേഹം സൂചിപ്പിച്ചു.
എന്നാല്‍ ഈ നീക്കത്തിന്റെ ഉത്തരവാദിത്തം കാനഡയ്ക്ക് മേല്‍ കെട്ടിവെക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്. അമേരിക്കയുമായി സഹകരിക്കാനുള്ള കാനഡയുടെ നഷ്ടപ്പെട്ട അവസരമാണിതെന്ന് യുഎസ് ട്രേഡ് റെപ്രസന്ററ്റീവ് പ്രതികരിച്ചു. ഈ ആഴ്ച ആദ്യം ധാരണയായ വ്യവസ്ഥകള്‍ പ്രകാരമുള്ള വ്യാപാര കരാര്‍ അന്തിമമാക്കുന്നതില്‍ നിന്ന് കാനഡ പിന്മാറിയെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
