കെടിഡിസി പായസമേള ആഗസ്റ്റ് 21ന് ആരംഭിക്കുന്നു
കൊച്ചി: ഈ വർഷത്തെ ഓണാഘോഷത്തോട് അനുബന്ധിച്ചു കെടിഡിസി ബോൾഗാട്ടി പാലസ് നടത്തുന്ന പായസമേള മറൈൻ ഡ്രൈവിലുള്ള കെടിഡിസി ഷോപ്പിംഗ് കോംപ്ലക്സ് മൈതാനത്തു സജ്ജമാക്കിയിരിക്കുന്ന പ്രത്യേക പവലിയനിൽ വെച്ച് നടത്തപ്പെടുന്നതാണ്. ആഗസ്റ്റ് 21 തീയതി വെള്ളിയാഴ്‌ച മുതൽ തിരുവോണ ദിവസമായ 26 തീയതി ബുധനാഴ്ച്ച ഉച്ചവരെ കെടിഡിസി ഷോപ്പിംഗ് കോംപ്ലക്സ് മൈതാനിയിൽ ഒരുക്കിയിരിക്കുന്ന കൗണ്ടറിൽ നിന്നും വൈവിധ്യമാര്ന്ന പായസങ്ങൾ ലഭ്യമായിരിക്കും. അതുപോലെ തന്നെ 26 തീയതി തിരുവോണ നാളിൽ ബോൾഗാട്ടി പാലസിൽ ഓണസദ്യയും ഉണ്ടായിരിക്കുന്നതാണ്.
ആഗസ്ത് 21 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട കൊച്ചി കോര്പറേഷൻ മേയർ ശ്രീമതി. വി കെ മിനിമോൾ പായസമേള ഉത്ഘാടനം നിർവഹിക്കും. ബഹുമാനപ്പെട്ട കൊച്ചി കോര്പറേഷൻ കൗൺസിലർ ശ്രീ. അഗസ്റ്റിൻ സെബാസ്റ്റ്യൻ (ടൈസൻ, നോർത്ത് ഡിവിഷൻ-15 വിശിഷ്ടാതിഥി ആയിരിക്കും . ഭക്ഷ്യസുരക്ഷ നിയമം കര്ശനമായി പാലിച്ചു കൊണ്ട് സർക്കാർ നിഷ്‌കർഷിച്ചിട്ടുള്ള ഗുണനിലവാരം ഉറപ്പാക്കി കെടിഡിസിയുടെ പരിചയസമ്പന്നരായ പാചക സംഘമാണ് പായസമേളക്ക് വിഭവങ്ങൾ ഒരുക്കുന്നതു. വിവിധയിനം പായസങ്ങൾ ഡിസ്പോസിബിൾ കപ്പുകളിലും മൈക്രോവേവ് പ്രതിരോധശേഷിയുള്ള പ്രത്യേകം തയ്യാർ ചെയ്‌ത കണ്ടെയ്‌നറുകളിൽ മിതമായ വിലയ്ക്കു ലഭിക്കുന്നതാണ്
സ്പെഷ്യൽ പാലട, പരിപ്പ് പായസം, ഗോതമ്പ് പായസം, പഴം പായസം അടപ്രഥമൻ തുടങ്ങിയ സ്വാദിഷ്ടമായ വിവിധ ഇനം പായസങ്ങൾക്കു പുറമെ ഉത്രാട നാളിലും തിരുവോണത്തിനും പ്രത്യേക ചേരുവകളും പാചകവിധിയനുസരിച്ചു തയ്യാറാക്കുന്ന വൈവിധ്യമാർന്ന പായസങ്ങളും ഇത്തവണത്തെ പായസമേളയുടെ സവിശേഷതയാണ് എന്ന് ജനറൽ മാനേജർ ശ്രീ. ഷൈൻ T P അറിയിച്ചു.
