തൃക്കാക്കരയിലെ ക്രൂരമര്‍ദനം: ഇടിവള പ്രയോഗത്തില്‍ യുവാക്കള്‍ക്ക് ഗുരുതര പരിക്ക്, പ്രതികള്‍ പിടിയില്‍
കൊച്ചി: തൃക്കാക്കരയില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച കേസിലെ പ്രതികളെ പിടികൂടി. കളമശേരി സ്വദേശി ഷെഫിന്‍, പൂക്കാട്ടുപടി സ്വദേശി ഫഹദ്, കോഴിക്കോട് സ്വദേശി ബെന്നി എന്നിവരാണ് കോഴിക്കോട് നിന്നും പിടിയിലായത്. പ്രതികളെ തൃക്കാക്കര സ്റ്റേനില്‍ എത്തിച്ചു. കാറിന് വഴി നല്‍കിയില്ലെന്ന് ആരോപിച്ചാണ് യുവാക്കളെ പ്രതികള്‍ ക്രൂരമായി മര്‍ദിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെ എന്‍ജിഒ ക്വാര്‍ട്ടേഴ്സ് ജംഗ്ഷനിലെ റൗണ്ട് എബൗട്ടിന് സമീപമായിരുന്നു സംഭവം. ഇടിവള ഉപയോഗിച്ചും മറ്റുമുള്ള ആക്രമണത്തില്‍ കാക്കനാട് പടമുകള്‍ സ്വദേശി മുഹമ്മദ് ഷാഫി, വാഴക്കാല സ്വദേശികളായ പ്രവീണ്‍, നിസാം എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ ഒരാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും മറ്റു രണ്ടു പേരെ കളമശേരി മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന മൂന്നംഗ സംഘം, യുവാക്കളെ തടഞ്ഞു നിര്‍ത്തി കൊലവിളി നടത്തുകയായിരുന്നു. അക്രമികളിലൊരാള്‍ കൈയില്‍ കരുതിയിരുന്ന ഇടിവള ഉപയോഗിച്ച് യുവാക്കളെ മുഖത്ത് തുടരെത്തുടരെ ഇടിക്കുകയും തുടര്‍ന്ന് മറ്റു പ്രതികള്‍ ചേര്‍ന്ന് ക്രൂരമായി ചവിട്ടുകയും മര്‍ദിക്കുകയുമായിരുന്നു. ഇടിവള പ്രയോഗത്തില്‍ മുഹമ്മദ് ഷാഫിയുടെ താടിയെല്ല് തകരുകയും മുന്‍വരിയിലെ നാല് പല്ലുകള്‍ ഇളകിപ്പോവുകയും ചെയ്തു.
നെറ്റിയിലും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. പ്രവീണിന്‍റെ തലയോട്ടിക്ക് പൊട്ടലും തലച്ചോറില്‍ ആന്തരിക രക്തസ്രാവവുമുണ്ട്. നിസാമിന്‍റെ മൂക്കിനും ചുണ്ടിനും സാരമായി പരിക്കേറ്റിട്ടുണ്ട്. പ്ലാസ്റ്റിക് സര്‍ജറി നടത്താനായി നിസാമിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
