സർവീസ് നിർത്താൻ വയ്യാ; നിബന്ധനകളുമായി സർക്കാരിന് മുന്നിൽ സ്വകാര്യ ബസ് ഉടമകൾ
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാൻ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഉടമകൾ രംഗത്ത്. സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യയാത്ര നൽകിയതോടെ തങ്ങളുടെ കളക്ഷനിൽ വൻ ഇടിവ് സംഭവിച്ചു. അതിനാൽ സ്വകാര്യ ബസ് സർവീസുകൾ സർക്കാർ ഭാഗികമായി ഏറ്റെടുക്കണമെന്ന് ഉടമകൾ പറഞ്ഞു. സ്വകാര്യ ബസുകളുടെ പ്രതിദിന കളക്ഷൻ മുഴുവൻ സർക്കാരിന് കൈമാറാൻ തയാറാണ്.
പകരമായി ഓടുന്ന ഓരോ കിലോമീറ്ററിനും 55 രൂപ വീതം സർക്കാർ നൽകണം. ഡ്രൈവറെ സ്വകാര്യ ബസുടമ നിയമിക്കും. കണ്ടക്ടറെ സർക്കാർ നിയമിക്കണം. റോഡ് നികുതി, ഇൻഷുറൻസ്, അറ്റകുറ്റപ്പണി തുടങ്ങിയവ ഉടമ വഹിക്കും. സ്ത്രീകൾക്ക് സൗജന്യമായി സർവീസ് നൽകാം, നഷ്ടപരിഹാരം സർക്കാർ നൽകണമെന്നും ബസ് ഉടമകളുടെ സംഘടനകൾ ആവശ്യപ്പെട്ടു.
