രാംസൺസിന്റെ ബ്രാൻഡ് അംബാസഡറായി മോഹൻലാലിനെ പ്രഖ്യാപിച്ചു
കൊച്ചി : കേരളത്തിലെ വസ്ത്രവ്യാപാര രംഗത്ത് എട്ട് പതിറ്റാണ്ടിലേറെ പാരമ്പര്യവും വിശ്വസ്തതയുമുള്ള പ്രമുഖ സ്ഥാപനമായ രാംസൺസ് ധോത്തിസ് ആൻ്റ് ടെക്സ്റ്റൈൽസിൻ്റെ ബ്രാൻഡ് അംബാസഡറായി മോഹൻലാലിനെ പ്രഖ്യാപിച്ചു. മുണ്ട് ഉടുത്ത മലയാളിയുടെ അഴകും പ്രൗഡിയും ഒരേ സമയം മനസ്സിലാക്കി തന്ന മലയാളികളുടെ പ്രിയങ്കരനായ മഹാനടൻ സാക്ഷാൽ മോഹൻലാൽ, കുത്താമ്പുള്ളിയുടെ പരമ്പരാഗത നെയ്ത്തിന്റെ കൈയൊപ്പിട്ട രാംസൺസിനൊപ്പം ചേരുമ്പോൾ ഇവിടെ ഒരു പുതിയ അദ്ധ്യായം രചിക്കപ്പെടുന്നതായി രാംസൺസ് ധോത്തീസ് ആൻ്റ് ടെക്സ്റ്റൈൽസ് മാനേജിംഗ് ഡയറക്ടർ പ്രവീൺ കുമാർ പറഞ്ഞു.
കുത്താമ്പുള്ളിയെ ഒരു നെയ്ത്ത് ഗ്രാമമായി മാറ്റുന്നതിൽ പ്രധാന പങ്ക് വഹിച്ച പരേതനായ പി.വി. രാമസ്വാമി 1945-ൽ രൂപീകരിച്ച രാംസൺസ് ധോത്തിസ് ആൻ്റ് ടെക്സ്റ്റൈൽസ്, തലമുറകളായി കേരളീയരുടെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന വിശ്വസ്ത ബ്രാൻഡാണെന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു. പരമ്പരാഗത മുണ്ടുകൾ, സാരികൾ, ദാവണികൾ (റെഡിമെയ്ഡ് ബ്ലൗസ് ഉൾപ്പെടെ), കുട്ടികളുടെ പട്ടു പാവടകൾ എന്നിവയ്ക്ക് പുറമെ സ്ത്രീ-പുരുഷ വിഭാഗങ്ങൾക്കായുള്ള അത്യാധുനിക ഫാഷൻ ഉല്പന്നങ്ങളുടെ വിപുലമായ ശേഖരവും രാംസൺസ് വിപണിയിൽ എത്തിക്കുന്നുണ്ടെന്ന് പ്രവീൺ കുമാർ പറഞ്ഞു. ഗുണമേന്മയിലും നവീനതയിലും അധിഷ്ഠിതമായ ഈ എൺപത് വർഷത്തെ പാരമ്പര്യമാണ് മോഹൻലാലുമായുള്ള പുതിയ കൂട്ടുകെട്ടിലൂടെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
മോഹൻലാൽ കേന്ദ്ര കഥാപാത്രമാകുന്ന രാംസൺസിന്റെ ആദ്യ ബ്രാൻഡ് പരസ്യചിത്രത്തിന്റെ ചിത്രീകരണം ഉടനടി പൂർത്തിയാകുമെന്നും പ്രവീൺ കുമാർ പറഞ്ഞു. വരാനിരിക്കുന്ന വിവാഹ സീസണും ഉപഭോക്താക്കളുടെ മാറുന്ന അഭിരുചികളും മുൻനിർത്തി സവിശേഷമായി രൂപകല്പന ചെയ്ത ‘വെഡ്ഡിംഗ് കളക്ഷൻ’ ‘പ്രീമിയം കളക്ഷൻ’ എന്നിവയും വാർത്താസമ്മേളനത്തിൽ അവതരിപ്പിച്ചു. സംസ്ഥാനവ്യാപകമായി വിപണി വിപുലീകരിക്കുന്നതിന്റെ ഭാഗമായി വിപുലമായ ഡീലേഴ്സ് മീറ്റുകളാണ് കമ്പനി നടത്തി വരുന്നത്.
കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ രാംസൺസ് മാനേജിംഗ് ഡയറക്ടർ പ്രവീൺ കുമാർ, എക്സിക്യൂട്ടീവ് ഡയറക്ടർ പ്രമോദ് കുമാർ, ബ്രാൻഡ് സ്ട്രാറ്റജിസ്റ്റും പരസ്യചിത്ര സംവിധായകനുമായ ഗോപ്സ് ബെഞ്ച്മാർക്ക്, രാംസൺസ് ഓപ്പറേഷൻസ് മാനേജർ ശ്രീറാം എന്നിവർ പ്രസംഗിച്ചു.
