Trending News

പത്ത് കേന്ദ്രങ്ങളിൽ പരിശോധന നടത്തിയതായി ഇഡി; വീണയുടെ നിക്ഷേപങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ശേഖരിച്ചു

തിരുവനന്തപുരം: മാസപ്പടി കേസില്‍ ഇന്ന് പത്ത് കേന്ദ്രങ്ങളില്‍ പരിശോധ നടത്തിയെന്ന് ഇഡി. ടി വീണയുടെ നിക്ഷേപങ്ങളുടേയും ബാങ്ക് അക്കൌണ്ടിന്റേയും വിവരങ്ങള്‍ ശേഖരിച്ചു. കണ്ടെത്തിയ രേഖകള്‍ പരിശോധിച്ച് വരുന്നുവെന്ന് ഇഡി പറഞ്ഞു.

പിണറായി വിജയന്റെ തിരുവനന്തപുരത്തെയും കണ്ണൂരിലേയും വീടുകളിലെ ഇഡി പരിശോധന അവസാനിച്ചു കഴിഞ്ഞു. ഇതിന് പിന്നാലെയാണ് ഇഡിയുടെ പ്രസ്താവന. എട്ട് മണിക്കൂറിലധികം തിരുവനന്തപുരത്തെ വീട്ടിലെ പരിശോധന നീണ്ടു. മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലെ പരിശോധനയും അവസാനിപ്പിച്ച് ഇഡി മടങ്ങി. മൂന്നിടത്തും നിന്നും പുറത്തിറങ്ങിയ ഇഡി ഉദ്യോഗസ്ഥരെ സിപിഐഎം പ്രവര്‍ത്തകര്‍ തടഞ്ഞു. തിരുവനന്തപുരത്ത് ഇഡിയുടെ വാഹനം പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു.

ഇ ഡി സംഘത്തിന്റെ കാറിന് നേരെ പരക്കെ അക്രമം ഉണ്ടായി. സിപിഐഎം പ്രവര്‍ത്തകര്‍ ഇ ഡിയുടെ വാഹനങ്ങള്‍ വളഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകര്‍ പിണറായിയുടെ വീട്ടിലേക്ക് ഇരച്ചുകയറി. തുടര്‍ന്ന് പൊലീസ് ലാത്തിവീശി. പിണറായി വിജയന്റെ മരുമകനും എംഎല്‍എയുമായ മുഹമ്മദ് റിയാസിന്റെ കോട്ടൂളിയിലെ വീട്ടില്‍ നടന്ന ഇഡി പരിശോധനയും പൂര്‍ത്തിയായിട്ടുണ്ട്. ഇഡി ഉദ്യോഗസ്ഥര്‍ പുറത്തേക്കിറങ്ങുമ്പോള്‍ കൂവി വിളിച്ച് സിപിഐഎം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടില്‍ നിന്ന് ഒന്നും കിട്ടിയില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. യാതൊരു രേഖകളും കണ്ണൂരിലെ പിണറായിയുടെ വീട്ടില്‍ നിന്നും കൊണ്ടുപോകുന്നില്ല എന്ന് ഉദ്യോഗസ്ഥര്‍ എഴുതി നല്‍കിയതായി എം.വി. ജയരാജന്‍ അറിയിച്ചു. വീട്ടുകാര്‍ ഇല്ലാത്തതിനാല്‍ എം.വി. ജയരാജനാണ് രേഖയില്‍ ഒപ്പിട്ട് നല്‍കിയത്.നടന്നത് സംഘപരിവാറിന്റെ രാഷ്ട്രീയ വേട്ടയെന്ന് മുഹമ്മദ് റിയാസ് എംഎല്‍എ പ്രതികരിച്ചു. ഇഡിയല്ല അതിനേക്കാള്‍ വലിയ ഡി വന്നാലും പേടിയില്ല.

സിപിഐഎമ്മില്‍ പ്രവര്‍ത്തിക്കുന്നത് മന്ത്രിയാകുമോ എംഎല്‍എ ആകുമോ എന്ന് നോക്കിയല്ല. എന്നാല്‍ ഇത്തരം ഭീഷണികള്‍ നേരിടേണ്ടി വരുമെന്ന് ഉറപ്പായിരുന്നു. ഇത്തരം സംഗതി കാണിച്ച് പേടിപ്പിക്കാന്‍ നോക്കണ്ട. തല പോയാലും മതനിരപേക്ഷതയ്ക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും റിയാസ് പറഞ്ഞു. കോഴിക്കോട്ടെ വീട്ടിലെത്തിയായിരുന്നു റിയാസിന്റെ പ്രതികരണം.