കെപിസിസി അധ്യക്ഷ പദവിക്കായി നീക്കങ്ങൾ സജീവം; ഖർഗെയുമായി കൂടിക്കാഴ്ച നടത്തി കൊടിക്കുന്നിൽ സുരേഷ് എംപി
ഡൽഹി: കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തിനായി വടംവലി നടക്കുന്നതിനിടെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്കും അവകാശ വാദങ്ങൾ തുടങ്ങി. കെപിസിസി അധ്യക്ഷ സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ വസതിയിലെത്തി നേരിൽ കണ്ടു. ബെന്നി ബഹനാനെ പരിഗണിക്കാനിരിക്കെയാണ് കൊടിക്കുന്നിലിന്റെ ആവശ്യം. മുതിർന്ന നേതാവ് എന്ന നിലയിൽ തനിക്ക് അർഹതയുണ്ടെന്ന് ഖർഗെയെ അറിയിച്ചുവെന്നും അർഹത ഉണ്ടായിട്ടും പലതവണ മാറ്റി നിർത്തപ്പെട്ടു. സംവരണ മണ്ഡലങ്ങളിൽ കോൺഗ്രസ് നേടിയ വിജയവും ചൂണ്ടിക്കാട്ടിയെന്ന് അദ്ദേഹം പറഞ്ഞു.
മന്ത്രിസഭാ പ്രഖ്യാപനത്തിനൊപ്പം പുതിയ കെപിസിസി അധ്യക്ഷനെയും പ്രഖ്യാപിക്കാനാണ് നീക്കം. നിലവിലെ അധ്യക്ഷനായ സണ്ണി ജോസഫിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തും. മന്ത്രിമാരാകുന്ന കെപിസിസി ഭാരവാഹികളെയും മാറ്റും. ഡിസിസി അധ്യക്ഷ പദവികളിലും മാറ്റം ഉണ്ടായേക്കും. എംഎൽഎമാരായ ഡിസിസി അധ്യക്ഷന്മാരെയും മാറ്റാൻ തീരുമാനമുണ്ട്.
അതേസമയം, മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ പരസ്യ പ്രതികരണവുമായി കെ മുരളീധരൻ എം എൽ എ രംഗത്തെത്തി. പ്രഖ്യാപനം വൈകുന്നതിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
