NationalPoliticsTrending News

എഎപിക്ക് വലിയ തിരിച്ചടി; രാഘവ് ഛദ്ദയും ഹര്‍ഭജന്‍ സിങും ഉള്‍പ്പെടെ 7 രാജ്യസഭാംഗങ്ങള്‍ ബിജെപിയിലേക്ക്

ന്യൂഡെൽഹി: ആംആദ്മി പാര്‍ട്ടിയ്ക്ക് കനത്ത തിരിച്ചടിയായി പത്തില്‍ ഏഴ് രാജ്യസഭാംഗങ്ങളും ബിജെപിയിലേക്ക്. രാഘവ് ഛദ്ദ, സന്ദീപ് പഥക്, അശോക് മിത്തല്‍ എന്നിവരാണ് ആംആദ്മി പാര്‍ട്ടി വിട്ടെന്ന് പ്രഖ്യാപിച്ചത്. ഹര്‍ഭജന്‍ സിങ്, സ്വാതി മാലിവാള്‍, രാജേന്ദ്രഗുപ്ത, വിക്രംജിത് സാഹ്നി എന്നിവരും പാര്‍ട്ടി വിടുമെന്ന് നേതാക്കള്‍ പറഞ്ഞു. പാര്‍ട്ടി മാറുന്നതുമായി ബന്ധപ്പെട്ട് ഏഴ് പേരും രാജ്യസഭാ അധ്യക്ഷന് കത്ത് നല്‍കി. ഡല്‍ഹിയില്‍ അഴിമതി തുടച്ചുനീക്കുമെന്ന് വാഗ്ദാനം ചെയ്ത് ഉയര്‍ന്നുവന്ന ആം ആദ്മി പാര്‍ട്ടി ഇപ്പോള്‍ അഴിമതിയില്‍ കുളിച്ചുനില്‍ക്കുന്നുവെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചുകൊണ്ടാണ് രാഘവ് ഛദ്ദ പാര്‍ട്ടി വിടുന്നതായി അറിയിച്ചത്.

രാജ്യസഭയിലെ ആകെ എഎപി എംപിമാരില്‍ മൂന്നില്‍ രണ്ടോളം അംഗങ്ങളും പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേക്കേറിയത് ആം ആദ്മി പാര്‍ട്ടിക്ക് ഏല്‍പ്പിച്ചിരിക്കുന്നത് കനത്ത പ്രഹരമാണ്. താന്‍ ശരിയായ പാതയില്‍ നീങ്ങുന്ന രാഷ്ട്രീ നേതാവെങ്കിലും പ്രവര്‍ത്തിക്കുന്നത് തെറ്റായ പാര്‍ട്ടിയാണെന്ന് തോന്നിത്തുടങ്ങിയപ്പോഴാണ് പാര്‍ട്ടി വിട്ടതെന്ന് രാഘവ് ഛദ്ദ പറഞ്ഞു. തന്റെ ജീവിതത്തിലെ 15 വര്‍ഷങ്ങള്‍ എഎപിക്ക് നല്‍കി. എന്നാല്‍ ഇപ്പോള്‍ സത്യസന്ധമായ രാഷ്ട്രീയത്തില്‍ നിന്നും ആ പാര്‍ട്ടി അകന്നിരിക്കുന്നു. ഇന്ന് എഎപി അഴിമതിയില്‍ മുങ്ങിക്കുളിച്ചുനില്‍ക്കുന്ന ഒരു പാര്‍ട്ടിയാണെന്നും രാഘവ് കുറ്റപ്പെടുത്തി.