KeralaTrending News

പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ക്ക് പരോള്‍: അടിയന്തര റിപ്പോര്‍ട്ട് തേടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

കാസർഗോഡ്: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതില്‍ അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അടിയന്തരമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ആഭ്യന്തരമന്ത്രി ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയോട് ആവശ്യപ്പെട്ടത്.

പരോള്‍ അനുവദിച്ചത് സംബന്ധിച്ചുള്ള എല്ലാ വസ്തുകളും സമഗ്രമായി അന്വേഷിച്ചു എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം വസ്തുതകളുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കും. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിയുന്നതിന് തൊട്ടുമുമ്പാണ് ജയില്‍ വകുപ്പ് ഈ പരോള്‍ നടപടികള്‍ക്ക് അനുമതി നല്‍കിയത്. കേസിലെ ഒന്നാം പ്രതി ഉള്‍പ്പെടെ അഞ്ചു പ്രതികള്‍ക്കാണ് നിലവില്‍ പരോള്‍ ലഭിച്ചിരിക്കുന്നത്.

അതിനിടെ, കേസില്‍ പുനരന്വേഷണം വേണമെന്ന ആവശ്യവുമായി ശരത് ലാലിന്റെ കുടുംബം രംഗത്തെത്തി. ഗൂഢാലോചനയില്‍ പങ്കാളികളായവര്‍ പുറത്തുണ്ടെന്നും അവരെ നിയമത്തിന് മുന്നിലെത്തിക്കാന്‍ പുനരന്വേഷണം കൊണ്ട് മാത്രമേ സാധിക്കൂ എന്നും ശരത്ലാലിന്റെ പിതാവ് സത്യനാരായണന്‍ പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരില്‍ നിന്ന് തങ്ങള്‍ക്ക് നീതി ലഭിച്ചില്ല. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പ്രതികള്‍ക്ക് സുഖവാസമായിരുന്നു. പ്രതികളെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റണമെന്ന ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിയെ കാണുമെന്നും സത്യനാരായണന്‍ പറഞ്ഞു.