KeralaTrending News

കായിക അക്കാദമികളുടെ കുടിശിക തീർക്കാൻ 9.10 കോടി രൂപ അനുവദിച്ചു; മുഖ്യമന്ത്രിയുടെ അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തെ കായിക അക്കാദമികളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട കുടിശികകൾ തീർപ്പാക്കാൻ കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിന് 9.10 കോടി രൂപ അടിയന്തരമായി അനുവദിക്കുന്നതിന് മുഖ്യമന്ത്രി വി.ഡി. സതീശൻ അനുമതി നൽകി. കായിക മന്ത്രി ഒ.ജെ. ജനീഷിന്റെ ആവശ്യത്തെ തുടർന്നാണ് നടപടി. ജില്ലാ, കോളജ്, സ്കൂൾ തലങ്ങളിലെ കായിക അക്കാദമികളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകൾ തീർക്കാനാണ് തുക വിനിയോഗിക്കുക. കായികതാരങ്ങളുടെ ഭക്ഷണം, താമസം എന്നിവയ്ക്കുള്ള കുടിശിക, ഹോസ്റ്റൽ വാടക, വൈദ്യുതി, വെള്ളം എന്നിവയുടെ ബില്ലുകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടും.

പരിശീലകർ, പാചകത്തൊഴിലാളികൾ, വാർഡൻമാർ, സുരക്ഷാ ജീവനക്കാർ തുടങ്ങി അക്കാദമികളിൽ ജോലി ചെയ്യുന്ന മറ്റ് ജീവനക്കാരുടെ കുടിശിക വേതനവും അനുവദിച്ച തുകയിൽനിന്ന് നൽകും. അക്കാദമികളുടെ ദൈനംദിന പ്രവർത്തനങ്ങൾക്കാവശ്യമായ മറ്റ് ചെലവുകൾക്കും തുക ഉപയോഗിക്കാം. സാമ്പത്തിക പ്രതിസന്ധി കായികതാരങ്ങളുടെ പരിശീലനത്തെയും അടിസ്ഥാന ആവശ്യങ്ങളെയും പ്രതികൂലമായി ബാധിക്കരുതെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. നിലവിലുള്ള കുടിശികകൾ എത്രയും വേഗം തീർപ്പാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

കായികതാരങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിനൊപ്പം പരിശീലനം തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോകാനും യുവ കായികപ്രതിഭകളെ വളർത്തിയെടുക്കാൻ ആവശ്യമായ സാഹചര്യം ഒരുക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.