KeralaTrending News

നെടുമ്പാശേരി വാഹനാപകടം: സുഹൈലിനെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്തു; അറസ്റ്റ് രേഖപ്പെടുത്തി

കൊച്ചി: നെടുമ്പാശേരി വാഹനാപകടക്കേസിലെ പ്രതി സുഹൈൽ സജീവിന്റെ അറസ്റ്റ് എക്സൈസ് രേഖപ്പെടുത്തി. 23 വയസ് തികയുന്നതിന് മുൻപ് മദ്യം ഉപയോഗിച്ചതുമായി ബന്ധപ്പെട്ടാണ് അബ്കാരി നിയമപ്രകാരം നടപടി സ്വീകരിച്ചത്. ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം എക്സൈസ് ഓഫീസിൽ ഹാജരായപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചു.

മദ്യപാനവുമായി ബന്ധപ്പെട്ട് ഒരു ബാറിൽ മാത്രം ഏകദേശം 4,500 രൂപയുടെ ബിൽ സുഹൈലിന്റെ പേരിലുണ്ടായിരുന്നുവെന്ന് എക്സൈസ് കണ്ടെത്തിയിരുന്നു. ഇയാൾ എത്തിയ മൂന്ന് ബാറുകളിലെയും സിസിടിവി ദൃശ്യങ്ങളും ഉദ്യോഗസ്ഥർ ശേഖരിച്ചു. 23 വയസാണ് കേരളത്തിൽ മദ്യം വാങ്ങുന്നതിനുള്ള നിയമപരമായ പ്രായപരിധി. ഈ പ്രായപരിധിക്ക് താഴെയുള്ളവർക്ക് മദ്യം നൽകിയെന്ന കണ്ടെത്തലിനെ തുടർന്ന് സുഹൈൽ മദ്യപിച്ച മൂന്ന് ബാറുകൾക്കെതിരെയും എക്സൈസ് നടപടി സ്വീകരിച്ചിരുന്നു.

കഴിഞ്ഞ ഒക്ടോബർ 11നുണ്ടായ അപകടത്തിൽ സുഹൈൽ ഓടിച്ച കാർ ഇടിച്ച് രണ്ട് യുവതികളടക്കം മൂന്ന് പേരാണ് മരിച്ചത്. അപകടസമയത്ത് സുഹൈലിന് 19 വയസായിരുന്നു. മദ്യലഹരിയിൽ അമിതവേഗത്തിൽ വാഹനമോടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് കേസ്. സംഭവത്തിൽ മനഃപൂർവമായ നരഹത്യ ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

അപകടദിവസം ഉച്ചയോടെ കടവന്ത്രയിലെ ബാറിലും വൈകിട്ട് പാലാരിവട്ടത്തെ ബാർ ഹോട്ടലിലും പിന്നീട് രാത്രിയിൽ നെടുമ്പാശേരിയിലെ ബാറിലും സുഹൈൽ എത്തിയിരുന്നു. മൂന്ന് ഇടങ്ങളിലും മദ്യപിച്ചതിന്റെ ദൃശ്യങ്ങൾ എക്സൈസ് ശേഖരിച്ചിട്ടുണ്ട്. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് നവംബർ 16നാണ് സുഹൈൽ കാക്കനാട് ബോസ്റ്റൽ സ്കൂളിൽനിന്ന് പുറത്തിറങ്ങിയത്.