ടൂറിസത്തിന് ഡ്രൈ ഡേ തിരിച്ചടി; മദ്യനിരോധനത്തിൽ മാറ്റം വേണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: എല്ലാ മാസവും ഒന്നാം തീയതി മദ്യവിൽപ്പന നിരോധിക്കുന്ന ഡ്രൈ ഡേ നയത്തിനെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ. ഡ്രൈ ഡേ ടൂറിസം മേഖലയെ പ്രതികൂലമായി ബാധിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. ഒന്നാം തീയതിയിൽ ടൂറിസം മേഖലയിലെ പരിപാടികളിൽ മദ്യം വിളമ്പാൻ 50,000 രൂപ ഫീസ് ഈടാക്കുന്നതിനെയും അദ്ദേഹം ചോദ്യം ചെയ്തു. ഇന്നലെ ചേർന്ന ധനകാര്യ സബ്ജക്ട് കമ്മിറ്റി യോഗത്തിലാണ് സതീശൻ നിലപാട് വ്യക്തമാക്കിയത്.
നിലവിൽ ഒന്നാം തീയതിയിലെ മദ്യവിലക്കിൽ ടൂറിസം മേഖലയ്ക്ക് ഇളവുകളുണ്ട്. വിവാഹം, വിവിധ ഇവന്റുകൾ, കോൺഫറൻസുകൾ തുടങ്ങിയ പരിപാടികളിൽ നിശ്ചിത ഫീസ് അടച്ച് മദ്യം വിളമ്പാൻ അനുമതി നേടാം. എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് ഇതുസംബന്ധിച്ച ചട്ടഭേദഗതി കൊണ്ടുവന്നത്. ഇതനുസരിച്ച് ബാറുടമകൾ എക്സൈസ് വകുപ്പിൽ 50,000 രൂപ ഫീസായി അടയ്ക്കണം.
എന്നാൽ, മദ്യം വിളമ്പാൻ ഇത്രയും തുക ഈടാക്കുന്നത് എന്തിനാണെന്നാണ് വി.ഡി. സതീശൻ യോഗത്തിൽ ചോദിച്ചത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ധനകാര്യ സബ്ജക്ട് കമ്മിറ്റി യോഗത്തിൽ മദ്യവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചയായപ്പോഴായിരുന്നു പരാമർശം. ഒന്നാം തീയതിയിലെ മദ്യനിരോധനം വിവാഹം, ഇവന്റുകൾ, കോൺഫറൻസുകൾ എന്നിവ ഉൾപ്പെടുന്ന മൈസ് ടൂറിസം മേഖലയെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. ടൂറിസം മേഖലയിലെ പരിപാടികൾക്ക് മദ്യവിതരണത്തിൽ നിയന്ത്രണമുണ്ടാകുന്നത് ഈ രംഗത്തെ പ്രവർത്തനങ്ങളെയും ബാധിക്കുമെന്ന ആശങ്കയും ചർച്ചയായി.
