KeralaTrending News

സ്വർണവിലയിൽ വൻ ഇടിവ്; പവന് ഒറ്റയടിക്ക് 3,760 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ് തുടരുന്നു. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 470 രൂപയും പവന് 3,760 രൂപയുമാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 11,510 രൂപയായും പവന്റെ വില 92,080 രൂപയായും താഴ്ന്നു.

18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 385 രൂപ കുറഞ്ഞ് 9,420 രൂപയായി. 14 കാരറ്റിന് 300 രൂപ കുറഞ്ഞ് 7,375 രൂപയിലും ഒമ്പത് കാരറ്റിന് 190 രൂപ കുറഞ്ഞ് 4,760 രൂപയിലുമാണ് വ്യാപാരം.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സ്വർണവിലയിൽ 7,000 രൂപയിലേറെ ഇടിവുണ്ടായി. തുടർച്ചയായ വിലയിടിവിനെത്തുടർന്ന് ചൊവ്വാഴ്ചയാണ് പവൻ വില ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്തിയത്. ബുധനാഴ്ചയും വ്യാഴാഴ്ചയും വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം പവന് 15,000 രൂപയുടെ കുറവുണ്ടായി.

ഈ വർഷം രണ്ടാം തവണയാണ് പവൻ വില ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്തുന്നത്. നേരത്തെ മാർച്ച് 23നും വില ഈ നിലവാരത്തിന് താഴെയെത്തിയിരുന്നു. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് കേരളത്തിലെ സ്വർണവിലയുടെ സർവകാല റെക്കോർഡ്. അന്ന് ഗ്രാമിന് 16,395 രൂപയായിരുന്നു വില. റെക്കോർഡ് നിലവാരത്തിൽനിന്ന് ഇതുവരെ പവന് 39,080 രൂപയുടെ ഇടിവുണ്ടായി.

രാജ്യാന്തര വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിലയിലും പ്രതിഫലിക്കുന്നത്. രാജ്യാന്തര വിപണിയിൽ ഔൺസിന് 200 ഡോളറിലേറെ കുറഞ്ഞ് സ്വർണവില 3,517 ഡോളറിലെത്തി. കഴിഞ്ഞ 14 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരമാണിത്. അതേസമയം, വെള്ളി വിലയും കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് അഞ്ചു രൂപ താഴ്ന്ന് 175 രൂപയിലാണ് വ്യാപാരം.