ചേരാനല്ലൂർ അപകടക്കേസ്: കൊച്ചി പൊലീസ് കമ്മീഷണറെ മാറ്റി; ആർ. നിശാന്തിനിക്ക് ചുമതല
കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയുടെ പശ്ചാത്തലത്തിൽ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിനെ മാറ്റാൻ തീരുമാനം. പകരം ആർ. നിശാന്തിനിയെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി നിയമിക്കും. പി. പ്രകാശിനെ ദക്ഷിണ മേഖല ഐജിയായും നിയമിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ചേരാനല്ലൂരിൽ ജയബാലകൃഷ്ണന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പൊലീസ് സ്വീകരിച്ച നടപടികളിലെ വീഴ്ച ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയിൽ സമ്മതിച്ചിരുന്നു. സംഭവത്തിൽ നാല് പൊലീസ് ഉദ്യോഗസ്ഥരെ നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഉന്നത ഉദ്യോഗസ്ഥനെതിരെയും നടപടിയുണ്ടാകുന്നത്.
അപകടത്തിൽ വാഹനം ഓടിച്ചിരുന്നയാൾക്ക് അതേ ദിവസം ജാമ്യം ലഭിച്ചതിൽ പൊലീസിന് ജാഗ്രതക്കുറവുണ്ടായെന്ന ആരോപണം ജയബാലകൃഷ്ണന്റെ കുടുംബമടക്കം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ കേസിലെ പൊലീസ് നടപടികൾ വ്യാപക വിമർശനത്തിനിടയാക്കി. കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനിലെ നാല് ഉദ്യോഗസ്ഥർക്കെതിരെ മാത്രം നടപടി സ്വീകരിച്ചതിൽ പൊലീസ് സേനയ്ക്കുള്ളിൽ അതൃപ്തിയുണ്ടായതായും റിപ്പോർട്ടുകളുണ്ടായിരുന്നു. മേലുദ്യോഗസ്ഥരെ അറിയിച്ച ശേഷമാണ് നടപടികൾ സ്വീകരിച്ചതെന്നും എന്നാൽ മേൽനോട്ടത്തിലെ വീഴ്ചകൾ പരിശോധിക്കുന്നില്ലെന്നുമായിരുന്നു ഉദ്യോഗസ്ഥർക്കിടയിലെ വിമർശനം. ഈ സാഹചര്യത്തിലാണ് ഉന്നത ഉദ്യോഗസ്ഥർക്കെതിരെയും നടപടിയിലേക്ക് കടക്കുന്നത്.
