തുലാവർഷം ശക്തമാകുന്നു; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, തീരങ്ങളിൽ ജാഗ്രതാ നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ഏഴ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കൊപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും ഇടിമിന്നലുണ്ടാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഞായറാഴ്ച വരെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഴ തുടരുമെന്നാണ് പ്രവചനം. മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.
അതേസമയം, കള്ളക്കടൽ പ്രതിഭാസത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിലെ കാപ്പിൽ മുതൽ പൊഴിയൂർ വരെയുള്ള തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 8.30 വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ തീരങ്ങളിൽ കടലാക്രമണം ഉണ്ടാകാമെന്നാണ് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ള സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദേശിച്ചു. കടലിൽ പോകുന്നവർ കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും സുരക്ഷാ നിർദേശങ്ങൾ പാലിക്കുകയും വേണം. മഴയും ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും നിർദേശമുണ്ട്.
