World

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ഡ്രോൺ ആക്രമണം; രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ദുബായ്: ഒമാൻ തീരത്ത് നങ്കൂരമിട്ടിരുന്ന കപ്പലിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി. കപ്പലിലുണ്ടായിരുന്ന 11 ഇന്ത്യൻ ജീവനക്കാരിൽ ഒൻപത് പേരെ രക്ഷപ്പെടുത്തി. കേന്ദ്ര തുറമുഖ-ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാളാണ് ആക്രമണ വിവരം സ്ഥിരീകരിച്ചത്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഞായറാഴ്ച ഇന്ത്യൻ ജീവനക്കാരുമായി സഞ്ചരിച്ചിരുന്ന നിക്കരാഗ്വൻ പതാകയുള്ള എംടി പെട്രോ ഡോൾഫിൻ എന്ന കപ്പലിനാണ് സോഹാർ ആങ്കറേജിൽ വെച്ച് ആക്രമണമുണ്ടായത്. പശ്ചിമേഷ്യയിൽ സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനിടെയാണ് കപ്പലുകൾക്ക് നേരെയുള്ള പുതിയ ആക്രമണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കാണാതായ നാവികരെ കണ്ടെത്തുന്നതിനായി ബന്ധപ്പെട്ട അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് ഒമാനിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി. മേഖലയിലെ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും എംബസി അറിയിച്ചു. ആക്രമണത്തെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. ഇന്ത്യൻ നാവികരുടെ സുരക്ഷയ്ക്കാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. വാണിജ്യ കപ്പലുകൾക്ക് നേരെ ആവർത്തിച്ചുണ്ടാകുന്ന ആക്രമണങ്ങൾ അതീവ ആശങ്കയുണ്ടാക്കുന്നതാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

നിലവിലെ സംഘർഷത്തിന് ചർച്ചകളിലൂടെയും നയതന്ത്ര ഇടപെടലുകളിലൂടെയും അടിയന്തര പരിഹാരം കണ്ടെത്തണമെന്നും സാഹചര്യം ശാന്തമാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. വാണിജ്യ കപ്പലുകൾക്കും നാവികർക്കും സാധാരണക്കാർ ഉപയോഗിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചുകൊണ്ട് അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള സുരക്ഷിതവും തടസ്സമില്ലാത്തതുമായ സമുദ്രവാണിജ്യവും കപ്പൽ ഗതാഗത സ്വാതന്ത്ര്യവും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും ഇന്ത്യ ആവർത്തിച്ചു.