KeralaTrending News

ഇന്ന് നിയമസഭാ സമ്മേളനം തുടങ്ങും; ഗ്യാനേഷ് കുമാറിനെതിരായ പ്രമേയം സഭയിൽ അവതരിപ്പിക്കും

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം സമ്മേളനത്തിലെ പ്രധാന അജണ്ടകളിലൊന്നാകും. പ്രമേയത്തിന് എൽഡിഎഫ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സ്വകാര്യ സർവകലാശാല ബിൽ പിൻവലിക്കണമെന്ന ആവശ്യവും ആദ്യദിനം സഭയിൽ ചർച്ചയാകും. 2025 മാർച്ചിൽ നിയമസഭ പാസാക്കി രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി ഗവർണർ അയച്ച സ്വകാര്യ സർവകലാശാല ബിൽ തിരിച്ചുവിളിക്കണമെന്ന പ്രമേയവും സഭയുടെ പരിഗണനയിലെത്തും. ചട്ടം 118 പ്രകാരം ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ആയിരിക്കും പ്രമേയം അവതരിപ്പിക്കുക.

മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട വിജിലൻസ് കേസ്, മുഖ്യമന്ത്രിയുടെ വിമാനയാത്രയ്ക്കുള്ള സ്പോൺസർഷിപ്പ്, മന്ത്രിമാരുടെ വിദേശയാത്രകൾ തുടങ്ങിയ വിഷയങ്ങൾ സഭയിൽ രാഷ്ട്രീയ വാദപ്രതിവാദങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. വൈദ്യുതി നിയന്ത്രണം, മരുന്നുക്ഷാമം, ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടങ്ങിയ ജനജീവിതത്തെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളും പ്രതിപക്ഷം ഉയർത്തിക്കാട്ടും. സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന വിഷയങ്ങളിൽ വിശദീകരണം തേടാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. അതേസമയം, നിയമസഭാ സമ്മേളനം ആരംഭിക്കുന്നതോടെ റിലേ പ്രതിഷേധ സമരത്തിന് ബിജെപിയും തുടക്കമിടും.

വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിശോധന (എസ്ഐആർ) വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനും മാസപ്പടി ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും രാജിവയ്ക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. ഇതിന്റെ ഭാഗമായി ബിജെപി പ്രവർത്തകർ നിയമസഭയിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. പാർട്ടിയുടെ എംഎൽഎമാർ സഭയ്ക്കുള്ളിലും പ്രതിഷേധം ഉയർത്തും. കേന്ദ്രസർക്കാരിനെതിരെ രാജ്യതലസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി സമരപരിപാടികൾ പ്രഖ്യാപിച്ചിരിക്കുന്നത്. നിയമസഭയുടെ ആദ്യദിനം തന്നെ വിവിധ രാഷ്ട്രീയ വിഷയങ്ങൾ ചർച്ചയാകുന്നതോടെ സഭ പ്രക്ഷുബ്ധമാകാനുള്ള സാധ്യതയുണ്ട്.