ഫ്ലൈദുബായ് വിമാനം തകർക്കാൻ നേരത്തെ പദ്ധതിയിട്ടിരുന്നെന്ന് സഹപൈലറ്റ്; അന്വേഷണത്തിൽ നിർണായക വിവരങ്ങൾ
ദുബായ്: ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈദുബായ് വിമാനത്തിൽ ക്യാപ്റ്റനെ ആക്രമിച്ച് വിമാനം തകർക്കാൻ ശ്രമിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഒമാൻ സ്വദേശിയായ സഹപൈലറ്റ് ഹമാം അൽ ഹമ്മാമി ഫ്ലൈദുബായിൽ ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പുതന്നെ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. ഇസ്രയേലിലേക്ക് സർവീസ് നടത്തുന്ന വിമാനക്കമ്പനി എന്ന നിലയിലാണ് ഫ്ലൈദുബായിൽ ജോലി നേടാൻ ഇയാൾ ശ്രമിച്ചതെന്നാണ് അന്വേഷണത്തിൽ പുറത്തുവരുന്ന വിവരം. നേരത്തെ തന്നെ ടെൽ അവീവിലേക്കുള്ള വിമാനത്തിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നെങ്കിലും അവസാന നിമിഷം അത് ഉപേക്ഷിച്ചതായും ചോദ്യം ചെയ്യലിൽ ഇയാൾ വെളിപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.
മുമ്പ് സർവീസ് നടത്തിയിരുന്ന ഒരു വിമാനത്തിലെ ജീവനക്കാരിയുമായി വ്യക്തിബന്ധമുണ്ടായിരുന്നതിനാലാണ് അന്നത്തെ ആക്രമണപദ്ധതി ഉപേക്ഷിച്ചതെന്നാണ് അന്വേഷണത്തിൽ ലഭിച്ച വിവരമെന്നാണ് റിപ്പോർട്ട്. എന്നാൽ പിന്നീട് ഫ്ലൈദുബായ് വിമാനത്തിലെ സഹപൈലറ്റായി ജോലി ലഭിച്ചതോടെ ആക്രമണപദ്ധതി നടപ്പാക്കാൻ ശ്രമിക്കുകയായിരുന്നു. 174 യാത്രക്കാരും ആറ് ജീവനക്കാരുമായി പറന്ന ബോയിങ് വിമാനത്തിന്റെ കോക്പിറ്റിൽവെച്ചാണ് ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ഹമാം അൽ ഹമ്മാമി ആക്രമിച്ചത്. ക്രാഷ് ആക്സ് ഉപയോഗിച്ചായിരുന്നു ആക്രമണമെന്നാണ് യുഎഇ അധികൃതർ വ്യക്തമാക്കിയത്. ക്യാപ്റ്റനെ ആക്രമിച്ച ശേഷം വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് ടെൽ അവീവിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിലോ സമീപത്തെ കെട്ടിടങ്ങളിലോ ഇടിച്ചിറക്കാനായിരുന്നു ലക്ഷ്യമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ.
ആക്രമണത്തിനിടെ വിമാനം വലിയ തോതിൽ താഴേക്ക് പതിച്ചതോടെ യാത്രക്കാരും മറ്റ് ജീവനക്കാരും ഇടപെട്ട് സഹപൈലറ്റിനെ കീഴടക്കുകയായിരുന്നു. തുടർന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി. ഹമാം അൽ ഹമ്മാമി ഏതെങ്കിലും ഭീകരസംഘടനയുടെയോ വിദേശ സർക്കാരിന്റെയോ നേരിട്ടുള്ള നിർദേശപ്രകാരമാണോ ആക്രമണം നടത്തിയതെന്നതും അന്വേഷണത്തിന്റെ ഭാഗമാണ്. പ്രാഥമിക അന്വേഷണത്തിൽ ഇയാൾ ഒറ്റയ്ക്കാണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന സൂചനകളുണ്ടെങ്കിലും അന്വേഷണം തുടരുകയാണ്. സംഭവത്തിന് പിന്നാലെ വിമാനക്കമ്പനിയുടെ നിയമന നടപടികളും വിവിധ രാജ്യങ്ങളിലെ വ്യോമയാന സുരക്ഷാ സംവിധാനങ്ങളും പരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്. നേരത്തെ ഇയാളുടെ പ്രവർത്തനങ്ങളെക്കുറിച്ച് ആശങ്കകൾ ഉയർന്നിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.
