ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യാസഖ്യത്തിന്റെ പ്രതിഷേധ മാർച്ച്; എംപിമാരെ പൊലീസ് തടഞ്ഞു
ന്യൂഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യാസഖ്യം എംപിമാരുടെ നേതൃത്വത്തിൽ ഡൽഹിയിൽ പ്രതിഷേധ മാർച്ച്. പാർലമെന്റിന് മുന്നിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്കാണ് എംപിമാർ പ്രതിഷേധ മാർച്ച് നടത്തിയത്. ‘സേവ് ഡെമോക്രസി’ ബാനറുയർത്തിയായിരുന്നു പ്രതിഷേധം. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി. തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് നീങ്ങുന്നതിനിടെ പൊലീസ് പ്രതിഷേധക്കാരെ ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ഇതോടെ എംപിമാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ബാരിക്കേഡിന് മുകളിലേക്ക് കയറി പ്രതിഷേധിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ നേരത്തെയും പ്രതിപക്ഷം ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനത്തെ വിമർശിച്ച അഖിലേഷ് യാദവ്, ബിജെപിക്ക് അവരുടെ ഓഫീസ് തന്നെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ സ്ഥാപിക്കാമെന്ന തരത്തിലുള്ള വിമർശനവും ഉന്നയിച്ചു. ആർഎസ്എസ് യൂണിഫോം ധരിച്ച ഗ്യാനേഷ് കുമാറിന്റെ കട്ടൗട്ടുകളും പ്രതിഷേധക്കാർ ഉയർത്തി. പ്രതിഷേധം ശക്തമായതോടെ പൊലീസ് ബലപ്രയോഗത്തിലൂടെ എംപിമാരെ സ്ഥലത്തുനിന്ന് നീക്കി. ഇ.ടി. മുഹമ്മദ് ബഷീർ, ഡീൻ കുര്യാക്കോസ് തുടങ്ങിയ എംപിമാരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.
ഇതിന്റെ ഭാഗമായി രാജ്യവ്യാപക പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. ശനിയാഴ്ച മുതൽ ‘വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ’ ക്യാമ്പയിന് തുടക്കമിടും. നവംബർ ഒന്നിന് ഡൽഹിയിലെ രാംലീല മൈതാനത്ത് മഹാറാലിയും സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു.
