World

174 പേരുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് സ്മിത് മച്ച്ഛർ; സഹപൈലറ്റിന്റെ ആക്രമണം ചെറുത്ത് ദുരന്തം ഒഴിവാക്കി

ദുബായ്: ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് 174 പേരുമായി പറന്ന ഫ്ലൈദുബായ് വിമാനത്തിലുണ്ടായ അടിയന്തര സാഹചര്യം വലിയ ദുരന്തമായി മാറാതിരുന്നതിന് പിന്നിൽ ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ച്ഛറിന്റെ നിർണായക ഇടപെടലും ഉണ്ടായിരുന്നു. സഹപൈലറ്റിന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റിട്ടും ക്യാപ്റ്റൻ ചെറുത്തുനിൽക്കുകയും കോക്ക്പിറ്റ് വാതിൽ തുറക്കുകയും ചെയ്തതോടെ യാത്രക്കാർക്കും മറ്റ് ജീവനക്കാർക്കും അകത്ത് പ്രവേശിച്ച് ആക്രമിയെ കീഴ്പ്പെടുത്താൻ സാധിച്ചു. തുടർന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്കിൽ സുരക്ഷിതമായി അടിയന്തര ലാൻഡിങ് നടത്തി.

മുംബൈയിലെ ഘാട്കോപ്പർ സ്വദേശിയായ സ്മിത് മച്ച്ഛറിന്റെ കുട്ടിക്കാല സ്വപ്നങ്ങളിൽ പൈലറ്റ് ജോലി ഉണ്ടായിരുന്നില്ല. കുടുംബത്തിന്റെ ടെക്സ്റ്റൈൽ ബിസിനസ് ഏറ്റെടുക്കണമെന്ന ലക്ഷ്യത്തോടെ ടെക്സ്റ്റൈൽ എൻജിനീയറിങ് പഠനത്തിന് ചേർന്ന അദ്ദേഹം പിന്നീട് മാനേജ്മെന്റ് പഠനവും നടത്തി. 19-ാം വയസിൽ പങ്കെടുത്ത ഒരു ഏവിയേഷൻ സെമിനാറാണ് കരിയറിന്റെ ദിശ മാറ്റിയത്. തുടർന്ന് ന്യൂസിലാൻഡിൽ പൈലറ്റ് പരിശീലനം പൂർത്തിയാക്കി സ്പൈസ്‌ജെറ്റിൽ ചേർന്ന സ്മിത് ഏകദേശം 11 വർഷം അവിടെ സേവനമനുഷ്ഠിച്ചു. ട്രെയിനിങ് ക്യാപ്റ്റൻ പദവിയിലെത്തിയ അദ്ദേഹം 2022-ലാണ് ഫ്ലൈദുബായിൽ ചേർന്നത്. ഏകദേശം 15 വർഷത്തെ വ്യോമയാന പരിചയവും 9,750 മണിക്കൂറിലേറെ പറത്തൽ പരിചയവും അദ്ദേഹത്തിനുണ്ടെന്നാണ് റിപ്പോർട്ടുകൾ.

വിമാനത്തിനുള്ളിൽ ഉണ്ടായ സംഭവത്തിൽ സഹപൈലറ്റ് സ്മിത് മച്ച്ഛറിനെ ആക്രമിച്ചതിന് പിന്നാലെ വിമാനം അതിവേഗം താഴേക്ക് പതിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റിട്ടും കോക്ക്പിറ്റ് വാതിൽ തുറക്കാൻ സ്മിത്തിന് കഴിഞ്ഞത് യാത്രക്കാരുടെയും ജീവനക്കാരുടെയും ഇടപെടലിന് വഴിയൊരുക്കി. വിമാനത്തിലുണ്ടായിരുന്ന മറ്റ് പൈലറ്റുമാർ പിന്നീട് നിയന്ത്രണം ഏറ്റെടുത്ത് തബൂക്കിൽ അടിയന്തര ലാൻഡിങ് നടത്തി. നിലവിൽ സൗദി അറേബ്യയിലെ തബൂക്കിൽ ചികിത്സയിൽ കഴിയുന്ന സ്മിത് സു​ഖം പ്രാ​പി​ച്ചു​വ​രി​ക​യാ​ണ് സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

വിമാനത്തിൽ ജോലി ചെയ്യുമ്പോൾ പൂർണ ശ്രദ്ധ ജോലിയിൽ കേന്ദ്രീകരിക്കണമെന്നും കോക്ക്പിറ്റിന് പുറത്തായാൽ വ്യോമയാനത്തെക്കുറിച്ച് അധികം സംസാരിക്കാറില്ലെന്നുമുള്ള നിലപാടാണ് സ്മിത്ത് മുൻപ് പങ്കുവച്ചിരുന്നത്. അദ്ദേഹത്തിന്റെ ധൈര്യത്തെ വിവിധ രാജ്യങ്ങളിലെ നേതാക്കളും യാത്രക്കാരും പ്രശംസിച്ചിട്ടുണ്ട്.