World

കോംഗോയിൽ വിമാനം തകർന്നുവീണ് 14 മരണം; രണ്ട് മുതിർന്ന സൈനിക ഉദ്യോഗസ്ഥരും മരിച്ചു

കിൻഷാസ: കോംഗോയിൽ വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ട് മുതിർന്ന സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെ 14 പേർ മരിച്ചു. അപകടത്തിൽപ്പെട്ട വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് കോംഗോ സൈന്യം സ്ഥിരീകരിച്ചു. സൈനിക കോടതി മേധാവി ലഫ്റ്റനന്റ് ജനറൽ മുട്ടോംബോ കറ്റാലായി ടിയെൻഡെ, സായുധ സേനയുടെ ഓഡിറ്റർ ജനറൽ ലഫ്റ്റനന്റ് ജനറൽ ബക്കുമി ലികുലിയ എന്നിവരാണ് മരിച്ച ഉന്നത സൈനിക ഉദ്യോഗസ്ഥർ.

തെക്കുപടിഞ്ഞാറൻ കോംഗോയിലെ കിക്വിറ്റിൽ നിന്ന് തലസ്ഥാനമായ കിൻഷാസയിലേക്ക് മടങ്ങുകയായിരുന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. യാത്രയ്ക്കിടെ വിമാനത്തിന് സാങ്കേതിക തകരാർ സംഭവിച്ചതിനെ തുടർന്ന് കെങ്കിലിൽ വച്ച് തകർന്നുവീഴുകയായിരുന്നു. രണ്ട് ജനറൽമാർക്ക് പുറമെ പ്രതിനിധി സംഘത്തിലെ അംഗങ്ങളും വിമാന ജീവനക്കാരും അപകടത്തിൽ മരിച്ചതായി അധികൃതർ അറിയിച്ചു. അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനായി സമഗ്ര അന്വേഷണം ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി.