ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് കോൺഗ്രസ്; തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസുകളിലേക്ക് മാർച്ച്
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് കോൺഗ്രസ്. നാളെ എല്ലാ സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസുകളിലേക്ക് പാർട്ടി പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തും. തിങ്കളാഴ്ച രണ്ടാംഘട്ട പ്രതിഷേധത്തിന്റെ ഭാഗമായി ജില്ലാ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കളക്ടറേറ്റുകളിലേക്കും മാർച്ച് സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു. ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന ആവശ്യത്തിനൊപ്പം അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനത്തിൽ സുതാര്യത ഉറപ്പാക്കണമെന്നും വോട്ടവകാശവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വ്യക്തത വേണമെന്നും പാർട്ടി ആവശ്യപ്പെട്ടു.
കഴിഞ്ഞ പത്ത് മാസത്തിനിടെ കമ്മിഷൻ കൈക്കൊണ്ട പ്രധാന തീരുമാനങ്ങളിൽ രണ്ട് തിരഞ്ഞെടുപ്പ് കമ്മിഷണർമാർ 14 തവണ വിയോജിപ്പ് രേഖപ്പെടുത്തിയെന്ന റിപ്പോർട്ടുകളാണ് കോൺഗ്രസ് പ്രതിഷേധത്തിന് പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. പുതിയ വോട്ടർമാരെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള ഫോം 6-ൽ വരുത്തിയ മാറ്റങ്ങളുമായി ബന്ധപ്പെട്ടും വിയോജിപ്പുണ്ടായതായി റിപ്പോർട്ടുകളുണ്ട്. അതേസമയം, വിഷയത്തിൽ സുപ്രീംകോടതി സ്വമേധയാ ഇടപെടണമെന്ന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഉയരുന്ന ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി ലഭിക്കേണ്ടതുണ്ടെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ കടുത്ത വിമർശനവുമായി കോക്രോച്ച് ജനതാ പാർട്ടിയും രംഗത്തെത്തി. ഗ്യാനേഷ് കുമാർ ഇന്ത്യയുടെ ശത്രുവാണെന്നായിരുന്നു പാർട്ടിയുടെ പ്രതികരണം. എന്നാൽ തിരഞ്ഞെടുപ്പ് കമ്മിഷനിലെ ആഭ്യന്തര ഭിന്നത സംബന്ധിച്ച റിപ്പോർട്ടുകൾ കമ്മിഷൻ വൃത്തങ്ങൾ തള്ളി. എസ്ഐആർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ തീരുമാനങ്ങൾ ഏകകണ്ഠമായാണ് എടുത്തതെന്നും അന്തിമ തീരുമാനം കൈക്കൊള്ളുന്നതിന് മുമ്പ് അംഗങ്ങൾക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങളും നിർദേശങ്ങളും ഉയരുന്നത് സ്വാഭാവികമാണെന്നും കമ്മിഷൻ വ്യക്തമാക്കി. അതേസമയം, തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനങ്ങളുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ ഉയർത്തുന്ന ആരോപണങ്ങളും കമ്മിഷന്റെ വിശദീകരണവും തമ്മിലുള്ള രാഷ്ട്രീയ-നിയമപരമായ തർക്കം കൂടുതൽ ശക്തമാകുകയാണ്.
