സംസ്ഥാന സർക്കാരിൽ നിന്ന് മുൻപില്ലാത്ത പിന്തുണ; യുഡിഎഫ് സർക്കാരിനെ പ്രശംസിച്ച് സുരേഷ് ഗോപി
തൃശൂർ: കേരളത്തിലെ നിലവിലെ യുഡിഎഫ് സർക്കാരിൽ നിന്ന് തനിക്ക് മുൻകാലങ്ങളിലില്ലാത്ത വിധം പിന്തുണ ലഭിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കഴിഞ്ഞ പത്ത് വർഷത്തിനിടെ സംസ്ഥാന സർക്കാരിൽ നിന്ന് ആവശ്യമായ സഹകരണം ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി വി.ഡി. സതീശൻ അടക്കമുള്ളവരെ ഇപ്പോൾ ഏത് ആവശ്യത്തിനും സമീപിക്കാവുന്ന സാഹചര്യമാണുള്ളതെന്നും സുരേഷ് ഗോപി വ്യക്തമാക്കി. കേന്ദ്രസർക്കാരിന്റെ പദ്ധതികൾ കേരളത്തിലേക്ക് കൂടുതൽ ഫലപ്രദമായി എത്തിക്കുന്നതിനും സംസ്ഥാന സർക്കാരുമായുള്ള ഈ സഹകരണം സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, റിപ്പോർട്ടർ ടിവിയിൽ പൊലീസ് നടത്തിയ റെയ്ഡ് സ്വാഭാവിക നടപടിയാണെന്നും കേന്ദ്രമന്ത്രി പ്രതികരിച്ചു. പരിശോധനകൾക്കിടെ ഫോണുകൾ കസ്റ്റഡിയിലെടുക്കുന്നത് സാധാരണ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. നികുതി അടയ്ക്കുന്ന സാധാരണ പൗരന് ഇല്ലാത്ത എന്ത് പ്രത്യേക അവകാശമാണ് മാധ്യമപ്രവർത്തകർക്കുള്ളതെന്നും സുരേഷ് ഗോപി ചോദിച്ചു. സാധാരണക്കാരന്റെ വീടുകളിൽ പൊലീസ് പരിശോധന നടത്തുമ്പോഴും ഇതേ രീതിയിലുള്ള നടപടികളാണ് ഉണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. പരിശോധനയുടെ ഭാഗമായി ഫോണുകൾ മാറ്റിവെക്കുന്നത് ഉദ്യോഗസ്ഥരുടെ പതിവ് നടപടിയാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
വലിയ വ്യവസായികളുടെ വീടുകളിൽ പരിശോധന നടത്തുമ്പോഴും ഫോണുകൾ കസ്റ്റഡിയിലെടുക്കാറുണ്ടെന്നും എന്തെങ്കിലും ഒളിപ്പിച്ചുവെച്ചിട്ടുണ്ടെങ്കിൽ കണ്ടെത്താൻ അന്വേഷണ ഏജൻസികൾക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പരിശോധനാ രീതികൾ ഇന്ദിരാഗാന്ധിയുടെയോ സോണിയ ഗാന്ധിയുടെയോ കാലത്ത് തുടങ്ങിയതല്ലെന്നും സംവിധാനം നിലവിൽ വന്ന കാലം മുതൽ സമാനമായ രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
