ബ്രിക്സ് ഉച്ചകോടി വിജയകരം; ആഗോളതലത്തിൽ ഇന്ത്യയുടെ വിശ്വാസ്യത വർധിച്ചെന്ന് പ്രധാനമന്ത്രി
ഡൽഹി: പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടി വലിയ വിജയമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയോടുള്ള വിശ്വാസം കൂടുതൽ ശക്തമായതായും പ്രധാനമന്ത്രി പറഞ്ഞു. എല്ലാ അംഗരാജ്യങ്ങളുടെയും പിന്തുണയോടെ സംയുക്ത പ്രസ്താവന അംഗീകരിക്കാനായത് ഇന്ത്യയുടെ ആഗോള വിശ്വാസ്യതയുടെ തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി. സെമികോൺ ഇന്ത്യയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ ഇറാനും യുഎഇയും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ നിലനിന്നിരുന്ന സാഹചര്യത്തിലും ബ്രിക്സ് അംഗരാജ്യങ്ങൾ സംയുക്ത പ്രഖ്യാപനത്തിൽ ധാരണയിലെത്തിയത് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ആഗോളതലത്തിലെ വിവിധ വെല്ലുവിളികൾക്കിടയിലും ഇന്ത്യൻ സമ്പദ്വ്യവസ്ഥ ശക്തമായ വളർച്ച തുടരുകയാണെന്നും മോദി പറഞ്ഞു. ഏറ്റവും പുതിയ ജിഡിപി കണക്കുകൾ പ്രകാരം 7.8 ശതമാനം വളർച്ചയാണ് ഇന്ത്യ രേഖപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. സൂറത്തിലും മൊഹാലിയിലും രണ്ട് പുതിയ സെമികണ്ടക്ടർ പ്ലാന്റുകൾ സ്ഥാപിച്ചതായും പ്രധാനമന്ത്രി അറിയിച്ചു. ഇന്ത്യ സെമികണ്ടക്ടർ മിഷന്റെ രണ്ടാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. സെമികണ്ടക്ടർ മേഖല അതിവേഗം വളരുന്നതോടെ നൂതനാശയങ്ങൾക്കും നിക്ഷേപങ്ങൾക്കും സാമ്പത്തിക വളർച്ചയ്ക്കും പുതിയ സാധ്യതകൾ തുറക്കുകയാണെന്നും മോദി പറഞ്ഞു.
ഇന്ത്യയുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള നൂതനാശയ പാരമ്പര്യവും 21-ാം നൂറ്റാണ്ടിലെ സാങ്കേതികവിദ്യയും പുതിയ കാഴ്ചപ്പാടുകളും സ്വീകരിക്കാനുള്ള രാജ്യത്തിന്റെ സന്നദ്ധതയും ഒരുമിച്ച് ചേരുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതാണ് ‘ആത്മനിർഭർ ഭാരത്’, ‘വികസിത് ഭാരത്’ എന്നീ ലക്ഷ്യങ്ങളിലേക്കുള്ള മുന്നേറ്റത്തിന് കരുത്തുപകരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
