World

പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ഡൽഹിയിൽ സമാപനം; അധ്യക്ഷസ്ഥാനം ചൈനയ്ക്ക് കൈമാറി

ഡൽഹി: രണ്ടുദിവസമായി ഡൽഹിയിൽ നടന്ന പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് സമാപനം. അംഗരാജ്യങ്ങൾ, പങ്കാളി രാജ്യങ്ങൾ, ക്ഷണിതാക്കൾ, രാജ്യാന്തര സംഘടനകൾ എന്നിവയുടെ പ്രതിനിധികൾ പങ്കെടുത്ത ഉച്ചകോടി ‘പ്രതിരോധശേഷി, പരിഷ്കരണം, സഹകരണം, സുസ്ഥിരത’ എന്ന പ്രമേയത്തിലാണ് നടന്നത്. ഉച്ചകോടിക്ക് ശേഷം വിവിധ രാഷ്ട്രത്തലവന്മാർ ഇന്ത്യയിൽ നിന്ന് മടങ്ങിത്തുടങ്ങി. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ മടങ്ങിയതിനു പിന്നാലെ ബ്രിക്സ് അധ്യക്ഷസ്ഥാനം ചൈനയ്ക്ക് കൈമാറി.

ആഗോള സംഘർഷങ്ങൾ സൃഷ്ടിക്കുന്ന പ്രതിസന്ധികളെ കൂട്ടായ പ്രവർത്തനത്തിലൂടെ മറികടക്കണമെന്ന് യോഗത്തിന് അധ്യക്ഷത വഹിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സുസ്ഥിര വളർച്ചയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം എല്ലാവരെയും ഉൾക്കൊണ്ട് മുന്നോട്ടുപോകുക എന്നതായിരിക്കണം കൂട്ടായ്മയുടെ ലക്ഷ്യമെന്നും വ്യക്തമാക്കി. നിർമിതബുദ്ധിയുടെ ആയുധവത്കരണം അനുവദിക്കരുതെന്നും മോദി ആവശ്യപ്പെട്ടു.

ഉച്ചകോടിയുടെ നടത്തിപ്പ് ഇന്ത്യൻ നയതന്ത്രത്തിന്റെ വിജയമാണെന്ന വിലയിരുത്തലാണ് ബിജെപി മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ആവശ്യമായ നടപടികൾ സംയുക്ത പ്രസ്താവനയിൽ ഉൾപ്പെട്ടില്ലെന്ന് കോൺഗ്രസ് വിമർശിച്ചു. അതേസമയം, ഉച്ചകഴിഞ്ഞ് കസാക്കിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളുടെ രാഷ്ട്രത്തലവന്മാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉഭയകക്ഷി ചർച്ച നടത്തും.