World

ബ്രിക്സ് പ്രഖ്യാപനത്തിൽ ഭീകരവിരുദ്ധ നിലപാടിനും ഗ്ലോബൽ സൗത്തിന്റെ ശബ്ദത്തിനും ഊന്നൽ; ഷി ഇന്ന് ഇന്ത്യയിൽ

ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ സമാപന പ്രഖ്യാപനത്തിൽ പത്ത് പ്രധാന തീരുമാനങ്ങൾ ഉൾപ്പെടുത്തുമെന്ന് സൂചന. ഭീകരവാദത്തിനെതിരായ കൂട്ടായ നിലപാട്, ബഹുരാഷ്ട്രവാദം ശക്തിപ്പെടുത്തൽ, ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിലിലെ ഇന്ത്യയുടെ ശ്രമങ്ങൾക്ക് പിന്തുണ എന്നിവ പ്രഖ്യാപനത്തിൽ പ്രധാനമായും ഇടംപിടിച്ചേക്കും. പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അംഗരാജ്യങ്ങൾക്കിടയിൽ സമവായം രൂപപ്പെടുത്തുന്നതിനും ഉച്ചകോടിയിൽ ശ്രമം നടക്കും. രാജ്യങ്ങളുടെ പ്രാദേശിക സമഗ്രതയും പരമാധികാരവും ലംഘിക്കുന്ന നടപടികൾക്കെതിരെ കൂട്ടായ നിലപാട് സ്വീകരിക്കാനും നീക്കമുണ്ട്. അതേസമയം, ഒരു രാജ്യത്തെയും നേരിട്ട് പരാമർശിക്കാതെയായിരിക്കും പ്രഖ്യാപനം തയ്യാറാക്കുക.

‘മനുഷ്യത്വം ആദ്യം’ എന്ന സമീപനത്തിലൂടെ വിവിധ രാജ്യങ്ങളിലെ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന തീരുമാനങ്ങൾ മുന്നോട്ടുവയ്ക്കാനും ഉച്ചകോടിയിൽ ധാരണയായേക്കും. മാറുന്ന ആഗോള സാഹചര്യത്തിൽ ഗ്ലോബൽ സൗത്തിന്റെ ശബ്ദം കൂടുതൽ ശക്തമായി പ്രതിഫലിപ്പിക്കണമെന്ന നിലപാടിനും ബ്രിക്സ് രാജ്യങ്ങൾ ഊന്നൽ നൽകും. സംഭാഷണം, ചർച്ച, സഹകരണം എന്നിവയ്ക്കുള്ള വേദിയായി ബ്രിക്സിനെ കൂടുതൽ ശക്തിപ്പെടുത്താനും അംഗരാജ്യങ്ങളുടെ വികസനത്തിന് പരസ്പര പിന്തുണ ഉറപ്പാക്കാനും തീരുമാനമുണ്ടാകുമെന്നാണ് സൂചന.

അതേസമയം, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉഭയകക്ഷി ചർച്ച നടത്തും. വൈകിട്ട് 5.45നാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. സാമ്പത്തിക സഹകരണമാണ് ചർച്ചയിലെ പ്രധാന വിഷയമെന്നാണ് സൂചന. ഇന്ത്യ-ചൈന വ്യാപാരത്തിലെ ഉയർന്ന കമ്മി, ചൈനീസ് വിപണിയിലേക്കുള്ള ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ പ്രവേശനം, ഇന്ത്യയിലെ ചൈനീസ് നിക്ഷേപം, വിസ നിയന്ത്രണങ്ങൾ, രാജ്യത്തെ ചൈനീസ് കമ്പനികളുടെ പ്രവർത്തനം തുടങ്ങിയ വിഷയങ്ങളിൽ ഇരു രാജ്യങ്ങളും ചർച്ച നടത്തും. ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഷി ജിൻപിങ് ഇന്ന് ഉച്ചയ്ക്ക് 12.10ന് ഇന്ത്യയിലെത്തും. ഏഴ് വർഷത്തിന് ശേഷമാണ് ചൈനീസ് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനം. രാവിലെ 11ന് അബുദാബി കിരീടാവകാശി ഹിസ് ഹൈനസ് ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സയ്യിദ് അൽ നഹ്യാനുമായും പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും.