വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാൻ റഗുലേറ്ററി കമ്മീഷൻ അനുമതി
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കെ, ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് റഗുലേറ്ററി കമ്മീഷന്റെ അനുമതി. ഒക്ടോബർ മുതൽ അടുത്ത വർഷം മെയ് വരെ ഹ്രസ്വകാല കരാറുകളിലൂടെ വൈദ്യുതി വാങ്ങാനാണ് നിയന്ത്രണങ്ങളോടെ അനുമതി നൽകിയിരിക്കുന്നത്. കെഎസ്ഇബി സമർപ്പിച്ച മുഴുവൻ കരാറുകൾക്കും കമ്മീഷൻ അംഗീകാരം നൽകിയിട്ടില്ല. ഏപ്രിൽ, മെയ് മാസങ്ങളിൽ പീക്ക് സമയത്ത് യൂണിറ്റിന് 12.50 രൂപ വരെ നിരക്കിൽ വൈദ്യുതി വാങ്ങാനാണ് അനുമതി. അതേസമയം, ഈ മാസത്തെ വൈദ്യുതി നിയന്ത്രണം ഒഴിവാകില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
വൈദ്യുതി ഉൽപ്പാദനം കുറഞ്ഞതും ഉപഭോഗം വർധിച്ചതുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യം പറഞ്ഞു. സംസ്ഥാനത്ത് പുതിയ വൈദ്യുതി പദ്ധതികൾ ആരംഭിക്കേണ്ട സമയം അതിക്രമിച്ചെന്നും വൈദ്യുതി വിപണിയിൽ പോയി പച്ചക്കറി വാങ്ങുന്നതുപോലെ എളുപ്പത്തിൽ വൈദ്യുതി വാങ്ങാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത വർധിക്കാൻ എസി ഉപയോഗവും ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ്ങും കാരണമാകുന്നുണ്ട്. വൈകിട്ട് ആറുമണി മുതൽ രാത്രി 12 മണി വരെയുള്ള സമയത്ത് എസി ഉപയോഗം ഒഴിവാക്കി ഉപഭോക്താക്കൾ സഹകരിക്കണമെന്നും കെഎസ്ഇബി ചെയർമാൻ അഭ്യർഥിച്ചു.
