KeralaTrending News

മാസപ്പടി കേസ്: ഇഡി കത്ത് നിയമപരമായി പരിശോധിച്ച് തീരുമാനമെടുക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും സിപിഐഎം നേതാവ് പി.എ. മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യത്തിൽ നിയമപരമായ പരിശോധനകൾക്ക് ശേഷം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇഡി നൽകിയ കത്തിലെ നിയമപരമായ വശങ്ങൾ പരിശോധിച്ച് വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്തായിരിക്കും സംസ്ഥാന സർക്കാർ തുടർനടപടി സ്വീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയ പാർട്ടികൾ കമ്പനികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും പണം സ്വീകരിക്കാറുണ്ടെങ്കിലും മാസപ്പടി കേസ് അതിൽനിന്ന് വ്യത്യസ്തമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇഡി റിപ്പോർട്ടിലെ വിശദാംശങ്ങൾ സംബന്ധിച്ച് പ്രതികരിക്കുന്നതിന് പരിമിതികളുണ്ടെന്നും വിഷയം നിലവിൽ നിയമപരിശോധനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഐഎം വലിയ പ്രതിരോധത്തിലാണെന്നും പാർട്ടിയുടെ പ്രധാന ജോലി ന്യായീകരിക്കലായി മാറിയെന്നും മുഖ്യമന്ത്രി വിമർശിച്ചു. അതേസമയം, ഇഡി കത്തിൽ സർക്കാർ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും അന്വേഷണവുമായി പൂർണമായി സഹകരിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മണിക്കൂറുകളോളം ചോദ്യം ചെയ്യലുണ്ടായിട്ടും അന്വേഷണവുമായി സഹകരിക്കുകയാണ് അവർ ചെയ്തതെന്നും ഇഡി നടപടികളിൽ രാഷ്ട്രീയ ആരോപണം ഉന്നയിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

പിഎം ശ്രീ: രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയെന്ന റിപ്പോർട്ടുകളും മുഖ്യമന്ത്രി തള്ളി. താനും രാഹുൽ ഗാന്ധിയും തമ്മിൽ സംസാരിച്ച കാര്യം താൻ ആരോടും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുൽ ഗാന്ധി ഇക്കാര്യം ആരോടെങ്കിലും പറഞ്ഞതായി അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പിഎം ശ്രീ വിഷയം രാഹുൽ ഗാന്ധിയുമായി ചർച്ച ചെയ്തിട്ടില്ലെന്നും കെപിസിസിയിലും വിഷയം ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്ത എവിടെനിന്നാണ് ഉണ്ടായതെന്ന് അറിയില്ലെന്നും ആകാശത്തുനിന്ന് വാർത്ത സൃഷ്ടിച്ചതുപോലെയാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു. തീരുമാനമാകുമ്പോൾ ഇക്കാര്യം അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാന്തപുരം പരാമർശം: നിലപാടിൽ മാറ്റമില്ല

കാന്തപുരം പരാമർശവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നിലപാടിൽ മാറ്റമൊന്നുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മാധ്യമങ്ങളെ വിളിച്ചാണ് തന്റെ നിലപാട് വ്യക്തമാക്കിയതെന്നും അത് പിന്നീട് ഡിലീറ്റ് ചെയ്തെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. കാന്തപുരം എ.പി. വിഭാഗം തന്നെ സന്ദർശിച്ചത് ഏകദേശം മൂന്ന് മാസം മുൻപാണെന്നും മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുത്ത ശേഷമാണ് കൂടിക്കാഴ്ച നടന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.