KeralaTrending News

വീണ ടി മുഖേന പിണറായി വിജയന് 3.28 കോടി രൂപ കൈക്കൂലി ലഭിച്ചെന്ന് ഇഡി; നിർണായക കണ്ടെത്തൽ

തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് മാസപ്പടി കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയനെയും സിപിഐഎമ്മിനെയും കൂടുതൽ പ്രതിരോധത്തിലാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തലുകൾ. മുഖ്യമന്ത്രിയായിരിക്കെ മകൾ വീണ ടി മുഖേന പിണറായി വിജയൻ 3.28 കോടി രൂപ കൈക്കൂലിയായി കൈപ്പറ്റിയെന്നാണ് ഇഡിയുടെ റിപ്പോർട്ടിലെ പ്രധാന പരാമർശം. പിണറായി വിജയൻ, വീണ ടി, വീണയുടെ ഭർത്താവും സിപിഐഎം നേതാവുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് ഇഡി കത്ത് നൽകി. വീണയുടെ ഇടപെടലിലൂടെ 3.28 കോടി രൂപ പിണറായി വിജയന് കൈക്കൂലിയായി ലഭിച്ചെന്നാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ.

കൈപ്പറ്റിയ തുകയിൽ നിന്ന് പണം മുഹമ്മദ് റിയാസ് ദുബായിലേക്ക് കടത്തിയെന്നും ഇഡി കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു. ഇഡിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ എത്രയും വേഗം പൊലീസ് നടപടി സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഷോൺ ജോർജ് ആവശ്യപ്പെട്ടു. അതേസമയം, ഇഡി നടപടിയെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് സിപിഐഎം തീരുമാനം. മാസപ്പടി കേസിൽ സംസ്ഥാന പൊലീസിനോട് നടപടി ആവശ്യപ്പെട്ടതോടെ തുടർനടപടികൾ എന്തായിരിക്കുമെന്നതിലാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ ആകാംക്ഷ. സംസ്ഥാന സർക്കാർ വിഷയത്തിൽ സ്വീകരിക്കുന്ന നിലപാടും നിർണായകമാകും.