കേരള സർവകലാശാലയിലെ ലാത്തിച്ചാർജ്: എസ്എഫ്ഐയുടെ പ്രകോപനമാണ് കാരണമെന്ന് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്
തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ എസ്എഫ്ഐ നടത്തിയ സമരത്തില്‍ ലാത്തിച്ചാര്‍ജിന് കാരണം എസ്എഫ്ഐയുടെ പ്രകോപനമെന്ന് സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്കി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ് കണ്ട്രോള് റൂം അസിസ്റ്റന്റ് കമ്മീഷണറുടെ കഴുത്തില്‍ പിടിച്ചുവെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. സമരത്തിലെ കുടുതല്‍ ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ച് വരികയാണ്.
കേരള സര്‍വകലാശാലയില്‍ ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ വന്ദേമാതരം ആലപിച്ചതില്‍ പ്രതിഷേധിച്ചാണ് എസ്എഫ്ഐ സര്‍വകലാശാലയിലേക്ക് മാര്‍ച്ച് നടത്തിയത്. ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഗവര്‍ണറോടൊപ്പം ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം ജോണും കായിക മന്ത്രി ഒ.ജെ ജനീഷും വേദിയിലുണ്ടായിരുന്നു. പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള പരിപാടിയായതിനാലാണ് വന്ദേമാതരം ആലപിച്ചതെന്ന് ഔദ്യോഗിക വിശദീകരണം സര്‍ക്കാര്‍ നടത്തിയെങ്കിലും പ്രതിഷേധക്കാര്‍ വഴങ്ങിയിരുന്നില്ല.
