സമാധാന ചർച്ചകൾക്ക് ആഹ്വാനം ചെയ്ത് മാർപാപ്പ
റോം: വിശുദ്ധ നാട്ടിലും മധ്യപൂര്‍വേഷ്യയിലും ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ ലെയോ പതിനാലാമന്‍ മാര്‍പാപ്പയുടെ അഭ്യര്‍ഥന. വര്‍ധിച്ചുവരുന്ന അക്രമങ്ങളില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച മാര്‍പാപ്പ, സൈനികനടപടികള്‍ അവസാനിപ്പിച്ച് ചര്‍ച്ചകളിലൂടെ നീതിയുക്തമായ പരിഹാരം കണ്ടെത്തണമെന്നും ആഹ്വാനം ചെയ്തു. വേനല്‍ക്കാല വസതിയായ കസ്തേല്‍ ഗണ്ടോള്‍ഫോയില്‍ ഇന്നലെ ത്രിസന്ധ്യാ പ്രാര്‍ഥനയ്ക്കുശേഷം തീര്‍ഥാടകരെ അഭിസംബോധന ചെയ്യുകയായിരുന്നു മാര്‍പാപ്പ.
വിശുദ്ധ നാട്ടില്‍ തുടരുന്നതും ശക്തമാകുന്നതുമായ അക്രമങ്ങളെ താന്‍ കടുത്ത ആശങ്കയോടെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നു പറഞ്ഞ മാര്‍പാപ്പ, ഓരോ വ്യക്തിയുടെയും തുല്യ അന്തസിലും തുല്യ അവകാശങ്ങളിലും അധിഷ്ഠിതമായ, നീതിയുക്തമായ ഒരു രാഷ്ട്രീയ പരിഹാരം ലക്ഷ്യമിട്ടുള്ള ചര്‍ച്ചകളിലേക്ക് മടങ്ങിയെത്തണമെന്നും ആവശ്യപ്പെട്ടു. യുദ്ധംമൂലം ദുരിതമനുഭവിക്കുന്ന ലോകമെമ്പാടുമുള്ള എല്ലാ ജനങ്ങള്‍ക്കുമായി പ്രാര്‍ഥിക്കുന്നത് തുടരാനും മാര്‍പാപ്പ എല്ലാവരെയും ആഹ്വാനം ചെയ്തു. “മധ്യപൂര്‍വേഷ്യയില്‍ സൈനികനടപടികള്‍ ശക്തമാക്കിയത് വീണ്ടും അക്രമവും നാശനഷ്ടങ്ങളും വരുത്തിവച്ചിരിക്കുകയാണ്. ഇത് എണ്ണമറ്റ സാധാരണക്കാരുടെ ജീവനെ വലിയ അപകടത്തിലാക്കുകയും കുടിവെള്ളത്തിന്റെയും വൈദ്യുതിയുടെയും ക്ഷാമം രൂക്ഷമാക്കുകയും ചെയ്തിരിക്കുന്നു. ബന്ധപ്പെട്ട എല്ലാ കക്ഷികളും തങ്ങളുടെ ആക്രമണങ്ങള്‍ നിര്‍ത്തലാക്കണമെന്നും അടിയന്തരമായി ചര്‍ച്ചകളുടെയും നയതന്ത്രത്തിന്റെയും വഴികള്‍ വീണ്ടും തുറക്കണമെന്നും ഞാന്‍ അഭ്യര്‍ഥിക്കുന്നു.” -മാര്‍പാപ്പ പറഞ്ഞു.
യുക്രെയ്ന് സന്ദര്‍ശനം പരിഗണനയില്‍
വത്തിക്കാന്‍ സിറ്റി: ലെയോ പതിനാലാമന്‍ മാര്‍പാപ്പയുടെ യുക്രെയ്ന് സന്ദര്‍ശനത്തിനുള്ള തീയതിയും അനുയോജ്യമായ സാഹചര്യങ്ങളും വത്തിക്കാന്‍ പഠിച്ചു വരികയാണെന്ന് വത്തിക്കാന്‍ വിദേശകാര്യവിഭാഗം സെക്രട്ടറി ആര്‍ച്ച്ബിഷപ് ഡോ. പോള്‍ റിച്ചാര്‍ഡ് ഗല്ലഗര്‍. യുക്രെയ്നിലെ ആറു ദിവസം നീണ്ട നയതന്ത്ര-അജപാലന സന്ദര്‍ശനത്തിനുശേഷം റോമിലേക്ക് മടങ്ങുന്നതിന് മുമ്പ് മാധ്യമങ്ങളോടു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സന്ദര്‍ശനവേളയില്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്നുവന്ന ചോദ്യം മാര്‍പാപ്പയുടെ യുക്രെയ്ന് സന്ദര്ശനത്തെക്കുറിച്ചായിരുന്നുവെന്ന് ഗല്ലഗര്‍ പറഞ്ഞു. “മാര്‍പാപ്പ ഈ ക്ഷണത്തെ വളരെ ഗൗരവത്തോടെയാണു കാണുന്നത്.’’ -ആര്‍ച്ച്ബിഷപ് പറഞ്ഞു.
യുക്രെയ്നില്‍ ആറു ദിവസം ചെലവഴിച്ച ഗല്ലഗര്‍ 20ന് കീവില്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്കിയുമായി കൂടിക്കാഴ്ച നടത്തി. യുദ്ധസമയത്ത് വത്തിക്കാന്‍ നല്കുന്ന പിന്തുണയ്ക്ക് സെലന്‍സ്കി നന്ദി അറിയിച്ചു. യുക്രെയ്നിലെ ലാറ്റിന്‍ കത്തോലിക്കാസഭയുടെ പുനഃസംഘടനയുടെ 35-ാം വാര്‍ഷികത്തോടനുബന്ധിച്ച് ബെര്ഡിച്ചിവ് മരിയന്‍ തീര്‍ഥാടനകേന്ദ്രത്തില്‍ നടന്ന ചടങ്ങുകളില്‍ പങ്കെടുക്കുകയാ യിരുന്നു ഗല്ലഗറിന്റെ സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. കഴിഞ്ഞ 19ന് നടന്ന ചടങ്ങില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
