KeralaTrending News

ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുമായി കൂടിക്കാഴ്ച; സൗഹൃദപരമായി മുന്നോട്ടുപോകുമെന്ന് ഫിഷറീസ് മന്ത്രി

തിരുവനന്തപുരം: ലത്തീൻ സഭ തിരുവനന്തപുരം അതിരൂപതാ ആസ്ഥാനത്തെത്തി ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുമായി കൂടിക്കാഴ്ച നടത്തി ഫിഷറിസ് മന്ത്രി വി ഇ അബ്ദുൽ ഗഫൂർ. ഫിഷറിസ് വകുപ്പ് മുസ്ലിം ലീഗിന് നൽകിയതിൽ ലത്തീൻ സഭയുടെ അതൃപ്തി പരിഹരിക്കാനാണ് മന്ത്രിയുടെ നീക്കം. സൗഹൃദപരമായി മുന്നോട്ടുപോകുമെന്ന് ലത്തീൻ സഭാ പ്രതിനിധി പ്രതികരിച്ചു.

സ്പീക്കർ തിരഞ്ഞെടുപ്പ് കഴിഞ്ഞയുടനെയാണ് ഫിഷറീസ് മന്ത്രി വിഇ അബ്‌ദുൽഗഫൂർ ലത്തീൻ സഭയുടെ തിരുവനന്തപുരം അതിരൂപതാ ആസ്ഥാനത്തെത്തിയത്. ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ, സഭാ പ്രതിനിധികളായ ക്രിസ്തുദാസ്, ബീഡ് മനോജ് എന്നിവരുമായി 15 മിനിറ്റ് നേരത്തെ കൂടിക്കാഴ്ച്ച. തുടർന്ന് മന്ത്രി പുറത്തേക്ക്. സൗഹൃദപരമായി മുന്നോട്ടുപോകുമെന്ന് ലത്തീൻ സഭാ പ്രതിനിധി ബീഡ് മനോജ് വ്യക്തമാക്കി. ഫിഷറീസ് വകുപ്പ് മുസ്ലിംലീഗിന് നൽകിയതിനെതിരെ ലത്തീൻ സഭ രംഗത്തുവന്നിരുന്നു. മന്ത്രിയുടെ നേരിട്ടുള്ള സന്ദർശനത്തോടെ വിഷയത്തിന് പരിഹാരമാകുമെന്ന പ്രതിക്ഷയിലാണ് യുഡിഎഫ് നേതൃത്വം.