പ്രോസിക്യൂഷൻ വാദം തള്ളി; പ്രതികൾക്ക് ജീവപരന്ത്യമില്ലാത്ത ശിക്ഷാവിധി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ 1 മുതൽ 6 വരെയുള്ള പ്രതികൾക്ക് 20 വർഷം കഠിന തടവ്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസ് ആണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്. 50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഒന്നാം പ്രതി എൻ.എസ്. സുനിൽ (പൾസർ സുനി), രണ്ടാം പ്രതി മാർട്ടിൻ ആൻ്റണി, മൂന്നാം പ്രതി ബി. മണികണ്ഠൻ, നാലാം പ്രതി വി.പി.വിജീഷ്, അഞ്ചാം പ്രതി എച്ച്.സലീം, ആറാം പ്രതി പ്രദീപ് എന്നിവർക്കാണ് കൂട്ടബലാൽസംഗ കേസിൽ 20 വർഷം കഠിന തടവ് വിധിച്ചിരിക്കുന്നത്. പ്രതികൾ പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം. എല്ലാ ശിക്ഷയും ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. നിലവിൽ പ്രതികൾ അനുഭവിച്ച തടവ് കാലയളവ് ഇതിൽ ഇളവ് ചെയ്യും. അതിജീവതക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം. അതിജീവതയുടെ സ്വർണമോതിരം പ്രതികൾ തിരികെ നൽകണം. പെൻഡ്രൈവ് അന്വേക്ഷണ ഉദ്യോഗസ്ഥർ ജാഗ്രതയോടെ അപ്പീൽ കാലാവധി കഴിയും വരെ സൂക്ഷിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
