PoliticsTrending News

അഞ്ചു ജില്ലകൾ യു.ഡി.എഫ് തൂത്തുവാരും, എൻ.ഡി.എ അക്കൗണ്ട് തുറക്കില്ല; വൻ വിജയം പ്രവചിച്ച് വി.ഡി സതീശൻ

കഴിഞ്ഞ 30 വർഷത്തിനിടയിൽ താൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ച തിരഞ്ഞെടുപ്പ് പ്രവർത്തനമാണ് യു.ഡി.എഫ് പ്രവർത്തകരും നേതാക്കളും നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിൽ യു.ഡി.എഫ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് പ്രതിപക്ഷ നേതാവ്
അഡ്വ.വി.ഡി.സതീശൻ. അഞ്ചു ജില്ലകളിൽ യുഡിഎഫ് തൂത്തുവാരുമെന്നും എൻ.ഡി.എ അക്കൗണ്ട് തുറക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സംസ്ഥാനത്ത് കഴിഞ്ഞ 30 വർഷത്തിനിടയിൽ താൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ച തിരഞ്ഞെടുപ്പ് പ്രവർത്തനമാണ് യു.ഡി.എഫ് പ്രവർത്തകരും നേതാക്കളും നടത്തിയത്. യു.ഡി.എഫ് നൂറിലധികം സീറ്റ് നേടുമെന്ന അവകാശവാദം വെറുമൊരു പ്രസ്താവനയല്ലെന്ന് അദ്ദേഹം പറഞ്ഞു. പിണങ്ങിപ്പോയവരെയും അകന്ന് നിൽക്കുന്നവരെയും തിരികെ കൊണ്ടുവരാൻ യു.ഡി.എഫിന് കഴിഞ്ഞു. കഴിഞ്ഞ അഞ്ചു വർഷമായി സംസ്ഥാനത്ത് നടത്തിയ പ്രവർത്തനങ്ങളുടെ ഫലം വലിയ യു.ഡി.എഫ് തരംഗമായി പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷങ്ങളിൽ നിന്നും സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽ നിന്നും യു.ഡി.എഫിന് വലിയ സാമൂഹിക പിന്തുണയാണ് ലഭിച്ചത്. പത്തു വർഷത്തെ എൽ.ഡി.എഫ് ഭരണത്തിൽ നിരാശരായ ജനങ്ങൾക്കിടയിൽ ശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്നതായും മുൻപ് ഒരു പ്രതിപക്ഷവും നൽകാത്ത പ്രതീക്ഷയും ബദലുമാണ് യു.ഡി.എഫ് നൽകിയതെന്നും സതീശൻ അവകാശപ്പെട്ടു.

മലപ്പുറം, എറണാകുളം, പത്തനംതിട്ട, വയനാട് ജില്ലകളിലെ മുഴുവൻ സീറ്റുകളും തൂത്തുവാരും. ഈ ജില്ലകളിലായി ആകെ 43 സീറ്റുകളാണുള്ളത്. യു.ഡി.എഫ് പ്രവർത്തകർ ആളുകളെ സജീവമായി വോട്ടർ പട്ടികയിൽ ചേർത്തതിനാലാണ് പോളിംഗ് ശതമാനം വർദ്ധിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വയനാട് വീട് നിർണമാണവുമായി ബന്ധപ്പെട്ട ഫണ്ട് വിവാദം ചർച്ചയാക്കാൻ സി.പി.എം ശ്രമിച്ചു. എന്നാൽ സിപിഎം പ്രവർത്തകർക്കിടയിൽ രക്തസാക്ഷി ഫണ്ട് തട്ടിപ്പും സ്വർണക്കൊള്ളയുമാണ് ചർച്ചയായത്. കുന്നത്തുനാട്ടിൽ ട്വന്റി 20 പരിതാപകരമായ അവസ്ഥയിലായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എൻ.ഡി.എയിൽ ചേർന്നതോടെ 75 ശതമാനത്തോളം പേർ യു.ഡി.എഫിലേക്ക് വന്നതായും കുന്നത്തുനാട്ടിൽ യു.ഡി.എഫ് വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും വി.ഡി സതീശൻ പറഞ്ഞു.

സർക്കാർ പണം ഉപയോഗിച്ച് ഹോർഡിംഗുകൾ സ്ഥാപിച്ചും സോഷ്യൽ മീഡിയ പ്രചാരണങ്ങൾ നടത്തിയും വോട്ടർമാരെ സ്വാധീനിക്കാൻ എൽ.ഡി.എഫ് നടത്തിയ ശ്രമം തിരിച്ചടിച്ചെന്നും, തങ്ങളുടെ നികുതി പണം ഇത്തരത്തിൽ പാഴാക്കുകയാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് എൻ.ഡി.എ അക്കൗണ്ട് തുറക്കുമോ? എന്ന ചോദ്യത്തിന് അത്തരത്തിലൊരു സാധ്യത സംസ്ഥാനത്ത് നിലവിൽ കാണുന്നില്ലെന്നാണ് സതീശൻ മറുപടി നൽകിയത്.

Leave a Reply