PoliticsTrending News

എറണാകുളം ജില്ലയിലെ മുഴുവൻ സീറ്റിലും ഇക്കുറി യുഡിഎഫ് ജയിക്കുമെന്ന് വി.ഡി.സതീശൻ

കൊച്ചി : ഇക്കുറി എറണാകുളം ജില്ലയിലെ മുഴുവൻ സീറ്റുകളിലും യു.ഡി.എഫ് ജയം ഉറപ്പാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. തൃക്കാക്കര നിയോജകമണ്ഡലം യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തവണ 9 സീറ്റാണ് എറണാകുളം ജില്ലയിൽ കിട്ടിയത് എങ്കിൽ ഇക്കുറി 14 സീറ്റിലും യു.ഡി.എഫ് ജയിക്കും. അതിൽ എറ്റവും കൂടുതൽ ഭൂരിപക്ഷമുള്ള മണ്ഡലമായി തൃക്കാക്കരയെ മാറ്റണമെന്നും പ്രതിപക്ഷ നേതാവ് ആഹ്വാനം ചെയ്തു.

കൊള്ളക്കാരായ ഈ സർക്കാരിനെ ജനകീയ കോടതിയിൽ വിചാരണ ചെയ്യുന്ന തിരഞ്ഞെടുപ്പാണിത്. തങ്ങളുടെ പരാജയങ്ങൾ മറച്ചു പിടിക്കാൻ സർക്കാർ ചെലവിലാണ് എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്. സീരിയൽ കഥാപാത്രങ്ങൾ വരെ സർക്കാരിനെ പുകഴ്ത്തുന്ന വിധത്തിലാണ് പി.ആർ വർക്ക് നടത്തുന്നത്.

സംസ്ഥാനത്തുടനീളം സി.പി.എം – ബി.ജെ.പി ഡീലാണ്. പല മണ്ഡലങ്ങളിലും ദുർബലരായ സ്ഥാനാർത്ഥികളെ നിർത്തിയും ഘടകകക്ഷികൾക്ക് സീറ്റുകൾ നൽകിയും പരസ്പരം സഹകരിച്ചാണ് അവർ മുന്നോട്ടു നീങ്ങുന്നത്. എന്നാൽ ഇതൊന്നും ഇവിടെ വിലപ്പോകാൻ പോകുന്നില്ലെന്നും നൂറിനു മുകളിൽ സീറ്റുകൾ നേടി യു.ഡി.എഫ് കേരളത്തിന് പുതുയുഗം സമ്മാനിക്കുമെന്നും പ്രതിപക്ഷ നേതാവ് തുടർന്ന് പറഞ്ഞു. എൽ.ഡി.എഫ് ഭരണത്തിന് അന്ത്യം കുറിക്കുക എന്നത് നാടിന്റെ ആവശ്യമാണെന്ന് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് വി.എം സുധീരൻ പറഞ്ഞു. സർവ്വ രംഗത്തും ഈ സർക്കാർ പരാജയമാണ്. ക്രമസമാധാനം പാടെ തകർന്നു, കേരളം മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും കേന്ദ്രമായി മാറി, എല്ലാ മേഖലയിലും അഴിമതിയും ധൂർത്തും അരങ്ങ് വാഴുന്നു. ശബരിമലയെ വരെ കൊള്ളയടിച്ചു.


സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും ഒരേ തൂവൽ പക്ഷികളെപ്പോലെയാണ് പ്രവർത്തിക്കുന്നത്. ലോകം യുദ്ധഭീതിയിൽ നിൽക്കുമ്പോൾ ഒന്ന് പ്രതികരിക്കാൻ പോലും കഴിയാതെ അമേരിക്കക്ക് മുന്നിൽ കീഴടങ്ങി നിൽക്കുകയാണ് നമ്മുടെ പ്രധാനമന്ത്രി. ഈ തിരഞ്ഞെടുപ്പ് ഫലം നരേന്ദ്ര മോദിയുടെ ഏകാധിപത്യ ഭരത്തിന്റെ പതനത്തിലേക്കുള്ള കൃത്യമായ സന്ദേശം കൂടി നൽകുന്നതായിരിക്കുമെന്നും സംശുദ്ധ രാഷ്രീയ പ്രവർത്തനത്തിന് മാതൃകയായ പി.ടി.തോമസിന്റെ സ്മരണയുറങ്ങുന്ന മണ്ണിൽ ഉമ തോമസ് വലിയ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പലാരിവട്ടം ബൈപ്പാസിലെ യു.ഡി.എഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അങ്കണത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ തൃക്കാക്കര നിയോജകമണ്ഡലം യു.ഡി.എഫ് ചെയർമാൻ എം.എസ്‌ അനിൽകുമാർ അധ്യക്ഷതവഹിച്ചു. മുൻ മന്ത്രി കെ.സി ജോസഫ്, എം.പിമാരായ ഹൈബി ഈഡൻ, ജെ.ബി മേത്തർ, കൊച്ചി മേയർ അഡ്വ.വി.കെ.മിനിമോൾ, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.മുഹമ്മദ്‌ ഷാ, കെ.പി.സി.സി ഭാരവാഹികളായ ബാലകൃഷ്ണൻ പെരിയ, ജെയ്സൺ ജോസഫ്, ഡോ. ദിലീപ്കുമാർ, ഡി.സി.സി ഭാരവാഹികളായ നൗഷാദ് പല്ലച്ചി, ജോഷി പള്ളൻ, പി.ഡി മാർട്ടിൻ, സേവ്യർ തായങ്കരി, പി.ഐ മുഹമ്മദലി, എൻ ഗോപാലൻ, വാഹിദ ഷെരീഫ്, ബ്ലോക്ക് പ്രസിഡണ്ടുമാരായ ആന്റണി പൈനുതറ, റാഷിദ് ഉള്ളംപള്ളി യു.ഡി.എഫ് നേതാക്കളായ ഹംസ മൂലയിൽ, കെ.കെ അക്ബർ, ജിസൺ ജോർജ്, ബോബി, മറ്റ് യു.ഡി.എഫ് നേതാക്കൾ, മണ്ഡലം പ്രസിഡന്റുമാർ, ഭാരവാഹികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. 501 പേരടങ്ങുന്ന തിരഞ്ഞെടുപ്പ് കമ്മിറ്റിയേയും കൺവെൻഷനിൽ തിരഞ്ഞെടുത്തു.

Leave a Reply