NationalPoliticsTrending News

പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം തീർപ്പാക്കുംവരെ ഓം ബിർള സ്പീക്കറുടെ കസേരയിലിരിക്കില്ല

ന്യൂഡൽഹി: തനിക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം സഭയിൽ ചർച്ച ചെയ്യുകയും തീർപ്പാക്കുകയും ചെയ്യുന്നതുവരെ സ്പീക്കറുടെ കസേരയിൽ ലോക്സഭാ സ്പീക്ക ർ ഓം ബിർള ഇരിക്കില്ലെന്ന് ലോക്സഭാ സെക്രട്ടറിയേറ്റ് വൃത്തങ്ങൾ അറിയിച്ചു. സ്പീക്കർ ധാർമ്മികമായ ഒരു നിലപാട് സ്വീകരിച്ചിരിക്കുകയാണെന്നാണ് ഓം ബിർളയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഇതിലൂടെ പ്രതിപക്ഷത്തിന് ഒരു സന്ദേശംകൂടി നൽകുമെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി. സ്പീക്കർക്കെതിരെയുള്ള അവിശ്വാസ പ്രമേയം കാലതാമസമില്ലാതെ ചർച്ച ചെയ്യുകയും അവസാനിപ്പിക്കുകയും ചെയ്‌തേക്കും.

സർക്കാരോ പ്രതിപക്ഷമോ അഭ്യർത്ഥിച്ചാലും തന്റെ നിലപാടിൽ നിന്ന് പിന്മാറാൻ ഓം ബിർള തയ്യാറായേക്കില്ല. തന്റെ നിലപാട് ചൊവ്വാഴ്ച തന്നെ കണ്ട പ്രതിപക്ഷ അംഗങ്ങളേയും സർക്കാർ പ്രതിനിധികളേയും അറിയിച്ചതായാണ് വിവരം. മാർച്ച് ഒമ്പതിന് തുടങ്ങുന്ന ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഭാഗത്തിലെ ആദ്യ ദിവസം തന്നെ അവിശ്വാസ പ്രമേയത്തിൽ ചർച്ച നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൊവ്വാഴ്ചയാണ് ഭരണഘടനാ അനുച്ഛേദം 94 (സി) പ്രകാരം ലോക്‌സഭാ സ്പീക്കർ ഓം ബിർളയെ നീക്കം ചെയ്യണമെന്നാവശ്യപ്പട്ട് കോൺഗ്രസ് നോട്ടീസ് നൽകിയത്. സ്പീക്കർ പക്ഷപാതപരമായി പെരുമാറിയെന്ന ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.

120 പ്രതിപക്ഷ എംപിമാരാണ് നോട്ടീസിൽ ഒപ്പിട്ടിരിക്കുന്നത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് സംസാരിക്കാൻ സമയം നൽകാതിരിക്കുക,കോൺഗ്രസ് വനിതാ എംപിമാർക്കെതിരെ അടിസ്ഥാനരഹിതമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ബിജെപി എംപി നിഷികാന്ത് ദുബെയ്ക്കെതിരെ നടപടിയെടുക്കാതിരിക്കുക, എട്ട് പ്രതിപക്ഷ അംഗങ്ങളെ അനാവശ്യമായി സഭയിൽ നിന്ന് പുറത്താക്കി തുടങ്ങിയ കാര്യങ്ങൾ നോട്ടീസിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Leave a Reply