സമൂഹത്തിന് മാതൃകയായി സ്ത്രീധന, മയക്കുമരുന്ന് വിരുദ്ധ സന്ദേശവുമായി കുഫോസിൽ ബിരുദദാന ചടങ്ങ് നടത്തി
കൊച്ചി: സ്ത്രീധന, മയക്കുമരുന്ന് വിരുദ്ധ സന്ദേശമുയർത്തി കുഫോസിൽ പതിനൊന്നാമത് ബിരുദ ദാന ചടങ്ങ് നടന്നു. ഇതിന്റെ ഭാഗമായി എല്ലാ ബിരുദധാരികളിൽ നിന്നും സ്ത്രീധന, മയക്കുമരുന്ന് വിരുദ്ധ സത്യവാങ്മൂലം വാങ്ങി. സാമൂഹിക ഉത്തരവാദിത്വമുള്ള പൗരന്മാരെ വളർത്തിയെടുക്കുക എന്ന ലക്ഷ്യം മുൻനിർത്തി എല്ലാ ബിരുദധാരികളും സ്ത്രീധന, മയക്കുമരുന്ന് വിരുദ്ധ സത്യവാങ്മൂലം നൽകണമെന്ന വ്യവസ്ഥ സർവകലാശാല നിർബന്ധമാക്കിയിരിന്നു.
ലോക ഭക്ഷ്യ അവാർഡ് ജേതാവും പ്രശസ്ത പോഷകാഹാര ഗവേഷകയുമായ
ഡോ.ശകുന്തള ഹരക്സിംഗ് തിൽസ്റ്റഡ് മുഖ്യാതിഥിയായി.
110 അണ്ടർ ഗ്രാജുവേറ്റ്, 304 പോസ്റ്റ് ഗ്രാജുവേറ്റ്, 36 പിഎച്ച്ഡി അടക്കം ഈ വർഷം 450 വിദ്യാർഥികൾ ഡിഗ്രി നേടി പുറത്തിറങ്ങി. ഡോ.ഗിരീഷ് ഗോപിനാഥ് ബെസ്റ്റ് ഫാക്കൾട്ടി റിസർച്ചർ അവാർഡും ഡോ.രാഹുൽ കൃഷ്ണൻ ബെസ്റ്റ് യങ് ഫാക്കൾട്ടി അവാർഡും ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കറിൽ നിന്ന് ഏറ്റുവാങ്ങി.
കൂടാതെ മികച്ച പ്രകടനം കാഴ്ച വെച്ച കുട്ടികൾക്കുള്ള പുരസ്കാരങ്ങളും ഗവർണർ കൈമാറി. റോഷിനി രമേശൻ (ബിഎഫ്എസ് സി ), ശ്രീലക്ഷ്മി (ബി എഫ് എസ് സി), ജുഹൈറ സുൾഫിക്കർ (എംബിഎ), അമല ജോയ് & ആഷ്‌ലി ജോയ് (എം എസ് സി ഫുഡ് സയൻസ് & ടെക്നോളജി), സാന്ദ്ര സുന്ദർ (ബി ടെക്) എന്നിവരാണ് പുരസ്‌കാര ജേതാക്കൾ. കൂടാതെ 27 ഗോൾഡ് മെഡലുകളും 36 പിഎച്ച്ഡി അവാർഡുകളും ഗവർണർ നൽകി.
