എറണാകുളത്തെ രണ്ട് ടൂറിസം പദ്ധതികള്‍ക്കായി 3.49 കോടി രൂപയുടെ ഭരണാനുമതി
കൊച്ചി: എറണാകുളം ജില്ലയിലെ ടൂറിസം മേഖലയ്ക്ക് ഉണര്‍വേകി ആലങ്ങാട് തീര്‍ഥാടന ടൂറിസം സര്‍ക്യൂട്ടിനും ആലുവ പാലം സൗന്ദര്യവല്‍ക്കരണത്തിനുമായി സംസ്ഥാന സര്‍ക്കാര്‍ 3,49,42,033 രൂപ അനുവദിച്ചു. കളമശ്ശേരി നിയോജക മണ്ഡലത്തിലെ ആലങ്ങാട് തീര്‍ഥാടക ടൂറിസം സര്‍ക്യൂട്ടിന് 2,01,67,623 രൂപയുടെ ഭരണാനുമതി നല്‍കിയാണ് ഉത്തരവായത്. ആലുവ മണ്ഡലത്തിലെ ആലുവ പാലത്തിന്റെ സൗന്ദര്യവല്‍കരണത്തിനും അലങ്കാര പെയിന്റിംഗ് നടത്തുന്നതിനുമായി 1,47,74,410 രൂപയാണ് അനുവദിച്ചു. തീര്‍ഥാടക ടൂറിസം പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് കളമശ്ശേരി മണ്ഡലത്തിലെ ആലങ്ങാട് തീര്‍ഥാടക ടൂറിസം സര്‍ക്യൂട്ടിന് അനുമതി നല്‍കിയത്. ആലങ്ങാട് പ്രദേശത്തെ വിവിധ തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കൊണ്ടുള്ളതാണ് ‘പില്‍ഗ്രിം ടൂറിസം സര്‍ക്യൂട്ട് അറ്റ് ആലങ്ങാട്’ പദ്ധതി. ദേവാലയങ്ങളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി ആഭ്യന്തര തീര്‍ഥാടകര്‍ക്ക് കൂടി ഗുണകരമാകുന്നതാകും പദ്ധതി.
സംസ്ഥാന സര്‍ക്കാരിന്റെ ഡിസൈന്‍ നയത്തില്‍ ഉള്‍പ്പെടുത്തി പാലങ്ങള്‍ ദീപാലങ്കൃതമാക്കി മാറ്റുന്നതിന്റെ ഭാഗമായിട്ടാണ് ആലുവ പാലം ലൈറ്റിങ് പദ്ധതിക്ക് അനുമതി നല്‍കിയത്. ആലുവ മണപ്പുറം മേഖലയിലെ ഈ ദീലാപങ്കൃത പദ്ധതി ആലുവയുടെ മൊത്തം വിനോദസഞ്ചാര സാധ്യതകളെ വര്‍ധിപ്പിക്കും. ആലങ്ങാട് മേഖലയിലെ തീര്‍ഥാടക ടൂറിസത്തെ പ്രോത്സാഹിപ്പിക്കാന്‍ പദ്ധതിയിലൂടെ സാധിക്കുമെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ആലങ്ങാടിനെ സാംസ്‌കാരിക-പൈതൃക ടൂറിസം ലക്ഷ്യസ്ഥാനമായി ഉയര്‍ത്താനാണ് പദ്ധതി ലക്ഷ്യമിടുന്നത്. കൊച്ചിയില്‍ എത്തുന്ന വിനോദസഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കുന്നതിനായിട്ടാണ് ആലുവ പാലത്തില്‍ പെയിന്റിംഗ്, ലൈറ്റിംഗ്, അലങ്കാര ജോലികള്‍ എന്നിവ ഉള്‍പ്പെടുന്ന പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
