ഏഴാം ലക്കത്തിന്റെ വിളംബരത്തോടെകൊച്ചി- മുസിരിസ് ബിനാലെ ആറാം പതിപ്പിന് കൊടിയിറങ്ങി
കൊച്ചി: ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സമകാലീന കലാപ്രദർശനങ്ങളിൽ ഒന്നായ കൊച്ചി-മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിൻ്റെ ഔപചാരികമായ കൊടിയിറക്കം ആസ്പിൻവാൾ ഹൗസ് വളപ്പിൽ നടന്നു. കലാകാരന്മാരും സംഘാടകരും പൊതുജനങ്ങളും ഒത്തുചേർന്ന വേദിയിൽ വികാരനിർഭരവുമായ അന്തരീക്ഷത്തിലാണ് ഉച്ചയ്ക്ക് 12 മണിക്ക് കൊടിയിറക്കം നടന്നത്. 110 ദിവസങ്ങൾ നീണ്ടുനിന്ന കലാ മാമാങ്കത്തിനാണ് തിരശ്ശീല വീണത്. ക്യൂറേറ്റർ നിഖിൽ ചോപ്ര പതാക താഴ്ത്തി. കൊച്ചി ബിനാലെ ഫൗണ്ടേഷൻ ചെയർപേഴ്സൺ ഡോ. വേണു വി, സി.ഇ.ഒ തോമസ് വർഗീസ്, പ്രമുഖ എഴുത്തുകാരൻ എൻ. എസ്. മാധവൻ, ബിനാലെ ട്രസ്റ്റ് അംഗങ്ങളായ പി കെ ഹോർമിസ് തരകൻ, വി സുനിൽ, മുൻ കൊച്ചി മേയർ കെ. ജെ. സോഹൻ, ബിനാലെ ഫൗണ്ടേഷൻ പ്രോഗ്രാം ഡയറക്ടർ മരിയോ ഡിസൂസ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞ മൂന്നുമാസമായി കൊച്ചി ബിനാലെ വേദികൾ സ്വന്തം ജീവിതത്തിന്റെ ഭാഗമാക്കിയ ആർട്ട് കോർഡിനേറ്റർമാരും വോളന്റിയർമാരും വൈകാരികമായാണ് സമാപന ചടങ്ങിൽ പങ്കെടുത്തത്.
കൊടിയിറക്കം എന്നത് ഒരു അവസാനമല്ല, മറിച്ച് അടുത്ത ബിനാലിലേക്കുള്ള പുതിയൊരു തുടക്കമാണെന്ന് ഡോ. വേണു വി ചൂണ്ടിക്കാട്ടി. കൊടിയിറക്കം എന്ന ചടങ്ങ് നമ്മുടെ പാരമ്പര്യത്തിന്റെ ഒരേടാണ്. പതാക താഴേക്ക് ഇറങ്ങുമ്പോൾ നമ്മുടെ ചിന്തകൾ അടുത്ത ബിനാലെയെക്കുറിച്ചാണെന്നും അതിനായുള്ള സമയപരിധി ഇപ്പോൾ മുതൽ ആരംഭിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വരും വർഷങ്ങളിൽ വൈവിധ്യങ്ങളുടെയും ചിന്തകളുടെയും വിപുലമായ കാഴ്ചപ്പാടുകളോടെ ബിനാലെയുടെ അടുത്ത പതിപ്പ് 2027 ഡിസംബർ 12-ന് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി മുസിരിസ് ബിനാലെ വ്യക്തിപരമായി തന്നെ എങ്ങനെ മാറ്റിമറിച്ചു എന്ന് നിഖിൽ ചോപ്ര പറഞ്ഞു. ഒരുപാട് നല്ല ഓർമ്മകളും സൗഹൃദങ്ങളും ബാക്കിയാക്കിയാണ് താൻ മടങ്ങുന്നത്. മൂന്ന് മാസം മുമ്പുണ്ടായിരുന്ന വ്യക്തിയല്ല താനിപ്പോഴെന്നും കൊച്ചി തനിക്കായി തുറന്നുതന്നത് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത വലിയ വാതിലുകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
