വൈറ്റിലയിൽ സിവിക് സ്ക്വയർ നിർമ്മിക്കും
കൊച്ചി : കാലപ്പഴക്കം മൂലം ജീർണാവസ്ഥയിലായ കെഎംസിയുടെ മേഖലാ ഓഫീസ് കെട്ടിടത്തിന് പകരം വൈറ്റിലയുടെ പ്രാധാന്യം വിളിച്ചോതുന്നതും, മനോഹരവുമായ സിവിക് സ്ക്വയർ നിർമ്മിക്കുവാൻ വൈറ്റില പ്രാദേശീക വികസന പദ്ധതിയിൽ രൂപകല്പനയായി.
കൊച്ചി മുൻസിപ്പൽ കോർപ്പറേഷന് അധിക ചിലവില്ലാതെ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. കെട്ടിട നിർമാണത്തിന് 3 വർഷവും 30 വർഷത്തെ നടത്തിപ്പുമുൾപ്പെടെ 33 വർഷം സ്ഥലം സ്വകാര്യ പങ്കാളിക്കു കൈമാറുമെന്നാണ് അറിയുന്നത്. 33 വർഷത്തിന് ശേഷം സ്ഥലവും കെട്ടിടവും പങ്കാളി, കൊച്ചി മുൻസിപ്പൽ കോർപ്പറേഷന് തിരികെ നൽകും. 1,791.63 ചതുരശ്ര മീറ്റർ സ്ഥലത്ത് പരമാവധി 45 മീറ്റർ ഉയരത്തിലാണ് വൈറ്റിലയിൽ കെട്ടിടം നിർമ്മിക്കാൻ അനുമതി നൽകുക. അത് ഉപയോഗിച്ച് 12 നിലകളും, 10,749.78 ചതുരശ്ര മീറ്റർ വിസ്തീർണവുമുള്ള കെട്ടിടം നിർമ്മിക്കാനാണ് അനുവാദം നൽകുക. വൈറ്റിലയിലെ മേഖലാ ഓഫീസ് കെട്ടിടം ഓഫീസ് കം വാണിജ്യ സമുച്ചയമായി പുനർനിർമ്മിക്കുമെന്ന് കെഎംസി പുതിയ ഭരണ സമിതിയുടെ പ്രഥമ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നത് ഇന്ന് ചേരുന്ന കൗൺസിൽ യോഗം പരിഗണിക്കുമെന്ന് മേയർ അഡ്വ.വി.കെ.മിനിമോൾ പറഞ്ഞു
